നോവ സ്കോഷ്യ പവറിൻ്റെ അറ്റകുറ്റപ്പണികളെ തുടർന്ന് കേപ് ബ്രെട്ടണിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറോളം വൈക്കോകോമാഗ് മേഖലയിൽ 3,000-ത്തിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിൽ വൈദ്യുതി വിതരണം വിച്ഛേദിക്കുകയുണ്ടായി. ശനിയാഴ്ച രാത്രിയിൽ ഷെട്ടികാംപ്, ഇൻവെർനെസ്, മാബൗ, ബാഡ്‌ഡെക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 9,000-ത്തിലധികം ഉപഭോക്താക്കളെ ഈ വൈദ്യുതി മുടക്കം ബാധിച്ചിരുന്നു.
നേരത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച ചില പ്രദേശങ്ങളിലും ഇന്നത്തെ (ഞായറാഴ്ച)ഈ ആസൂത്രിത വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും സുരക്ഷിതമായി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ അധിക വൈദ്യുതി മുടക്കം എന്ന് നോവ സ്കോഷ്യ പവർ തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ പേജിൽ കുറിച്ചു. എത്രപേരെ ഇത് നേരിട്ട് ബാധിക്കുമെന്നത് വ്യക്തമല്ല. ഇൻവെർനെസ് എംഎൽഎ കൈൽ മാക്വാറി പറയുന്നതനുസരിച്ച്, മാബൗ, വൈക്കോകോമാഗ് എന്നിവിടങ്ങളിൽ നിന്ന് സ്ട്രാത്‌ലോൺ വരെയുള്ള പ്രദേശങ്ങളിൽ രാവിലെ വൈദ്യുതി ഇല്ലാതിരുന്നിടത്ത് വൈകുന്നേരം നാല് മണിയോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപികുമെന്നാണ്.
ആദ്യത്തെ വൈദ്യുതി മുടക്കത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോൾ, വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നോവ സ്കോഷ്യ പവർ വക്താവ് അറിയിച്ചു. ഈ വൈദ്യുതി മുടക്കം തിരക്കേറിയ ഇൻവെർനെസ് ഗാതറിംഗ് വാരാന്ത്യത്തോട് അനുബന്ധിച്ചായിരുന്നുവെന്ന് കൗണ്ടി ഓഫ് ഇൻവെർനെസ് മുനിസിപ്പാലിറ്റി വാർഡൻ ബോണി മാക്ഐസക് പറഞ്ഞു.
വൈദ്യുതി മുടക്കം കാരണം ചില ബിസിനസ്സുകൾ അടച്ചിടേണ്ടി വന്നെന്നും, അവ ഇതുവരെ തുറന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻവെർനെസ് കമ്മ്യൂണിറ്റിയിലെ ഏക പലചരക്ക് കടയും ഇതിൽ ഉൾപ്പെടുന്നുവെന്ന് മാക്ഐസക് വ്യക്തമാക്കി. ഈ അപ്രതീക്ഷിത വൈദ്യുതി മുടക്കം പ്രദേശത്തെ ദൈനംദിന ജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
Maintenance; Power outages will occur in these areas in Nova Scotia!



