വാഷിങ്ടൺ ഡി സി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തന്റെ സമാധാന നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കൈമാറിയത് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ പുരസ്കാരം ട്രംപിന് സമ്മാനിച്ചത്. ട്രംപ് ഇത് സന്തോഷത്തോടെ സ്വീകരിച്ചതായും സമ്മാനം കൈവശം വെക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണിതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, ഈ നീക്കത്തിനെതിരെ കർശന നിലപാടുമായി നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. ഒരാൾക്ക് ബഹുമതിയായി നൽകുന്ന നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ നിയമപരമായി സാധിക്കില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇതോടെ പുരസ്കാരത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്.
വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായുള്ള ട്രംപിന്റെ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് താൻ ഈ മെഡൽ നൽകുന്നതെന്ന് മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നീക്കത്തിലൂടെ പുറത്താക്കിയ ട്രംപിന്റെ നടപടിയെ അവർ പ്രകീർത്തിച്ചു. അതേസമയം, മച്ചാഡോയെ വെനസ്വേലയുടെ ഭരണമേൽപ്പിക്കാൻ ട്രംപ് വിസമ്മതിച്ചതും നിലവിലെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മച്ചാഡോയ്ക്ക് രാജ്യത്തിനകത്ത് ജനപിന്തുണ കുറവാണെന്ന വിലയിരുത്തലാണ് ട്രംപിനെ ഇതിന് പ്രേരിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Machado Gifts Nobel Prize to Trump; White House Welcomes Move, Nobel Institute Says ‘Not Possible’



