ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ മേഖലയിൽ ആഡംബര വാഹനങ്ങൾ കേന്ദ്രീകരിച്ച് സായുധ മോഷണം നടത്തിയിരുന്ന ക്രിമിനൽ സംഘത്തെ പീൽ റീജിയണൽ പോലീസ് പിടികൂടി. ‘പ്രോജക്റ്റ് സ്ട്രാറ്റിസ്’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ 30 കുറ്റങ്ങൾ ചുമത്തിയതായും പോലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഴ്സിഡസ് ബെൻസ് ഉൾപ്പെടെയുള്ള വിലകൂടിയ വാഹനങ്ങൾ മോഷ്ടിച്ച് തിരിച്ചറിയൽ നമ്പറുകളിൽ മാറ്റം വരുത്തി ഘാനയിലേക്ക് കയറ്റി അയക്കുകയായിരുന്നു ഇവരുടെ രീതി. ടൊറന്റോ പോലീസ്, ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ്, ബോർഡർ സർവീസസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം പൂർത്തിയാക്കിയത്.
ജനുവരി 18-നും ഫെബ്രുവരി ഒന്നിനും ഇടയിൽ മിസിസാഗയിലും ടൊറന്റോയിലുമുള്ള പാർക്കിംഗ് ഏരിയകളിൽ നടന്ന നാല് സായുധ മോഷണങ്ങളെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തോക്കുധാരികളായ പ്രതികൾ ഉടമകളെ ഭീഷണിപ്പെടുത്തി വാഹനങ്ങൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ജെഫ് ചമുല വ്യക്തമാക്കി. മോഷ്ടിച്ച വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലും ടൊറന്റോയിലെ ഒരു ഓട്ടോ ബോഡി ഷോപ്പിലും നടത്തിയ പരിശോധനയിൽ എട്ട് വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. ഏകദേശം 8,00,000 ഡോളർ മൂല്യമുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ പലതും വിദേശത്തേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയ നിലയിലായിരുന്നു.
ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം വഴി ഘാനയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികളെ പോലീസ് വിമാനത്താവളത്തിൽ വെച്ച് പിടികൂടി. റെയ്നർ ഫെർണാണ്ടോ (37), സ്റ്റീവൻ വാൾസം-ഗെറിഗ്സ് (36), മാത്യു ഹൈമേഴ്സ് (21), ബ്രാഡ്ലി വാൾസം (38), സ്റ്റീവൻ ലോപ്പസ് (22), സാംസൺ ഇഗ്ബാസൻ (20) എന്നിവരാണ് പിടിയിലായ പ്രതികൾ. ഇവരിൽ നിന്ന് രണ്ട് കളിത്തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ അന്വേഷണത്തിലൂടെ മേഖലയിലെ വാഹന മോഷണങ്ങളിൽ 25 ശതമാനം കുറവുണ്ടായതായി പീൽ റീജിയണൽ പോലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് മിൽനോവിച്ച് അറിയിച്ചു.
Luxury car theft gang arrested in Canada; Police say vehicles were smuggled to Africa
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



