ബെർലിൻ: ജർമനിയിലെ പ്രമുഖ വിമാനക്കമ്പനിയായ ലുഫ്താൻസയിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും അപ്രതീക്ഷിത പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് വ്യാഴാഴ്ച മാത്രം 460-ലധികം സർവീസുകൾ റദ്ദാക്കിയതായി ജർമ്മൻ എയർപോർട്ട് അസോസിയേഷൻ (ADV) അറിയിച്ചു. പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ നേരിട്ട് ബാധിച്ചു. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾക്ക് പുറമെ പ്രമുഖ വിദേശ സർവീസുകളും റദ്ദാക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
പെൻഷൻ ആനുകൂല്യങ്ങളെച്ചൊല്ലി ലുഫ്താൻസയുടെ കോർ എയർലൈൻ, കാർഗോ ഡിവിഷനുകൾ എന്നിവയുമായി പൈലറ്റ് യൂണിയനായ ‘വിസി’യും (VC), ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് യൂണിയനായ ‘യുഎഫ്‌ഒ’യും (UFO) നിലനിൽക്കുന്ന തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂടുതൽ ഉദാരമായ വിരമിക്കൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നത്. ജീവനക്കാരുടെ സാമൂഹിക സുരക്ഷാ പദ്ധതികൾ ചർച്ച ചെയ്യാൻ തൊഴിലുടമ തയ്യാറാകാത്തതിനാലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.
ബെർലിൻ ചലച്ചിത്രമേളയ്ക്കും മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനുമായി ലോകമെമ്പാടുമുള്ള പ്രമുഖർ ജർമനിയിലേക്ക് എത്തുന്ന സമയത്താണ് പണിമുടക്ക് നടന്നത് എന്നത് പ്രതിസന്ധി വർദ്ധിപ്പിച്ചു. രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രതിനിധികളുടെ യാത്ര പണിമുടക്ക് മൂലം തടസ്സപ്പെട്ടു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ മറ്റ് എയർലൈനുകളിൽ റീബുക്ക് ചെയ്ത് യാത്ര സുഗമമാക്കാൻ ശ്രമിക്കുമെന്ന് ലുഫ്താൻസ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഒരു ജർമൻ യുവാവ് തന്റെ നാട്ടിലും വിമാന സർവീസുകൾ പണിമുടക്കാറുണ്ടെന്ന് പറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജർമനിയിൽ ഇപ്പോൾ നടന്നുവരുന്ന ഈ സമരപരമ്പരകൾ ആ യുവാവിന്റെ വാക്കുകൾ ശരിവെക്കുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നിലവിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൈലറ്റുമാരുടെ ആവശ്യങ്ങളിൽ കമ്പനി അന്തിമ തീരുമാനം എടുത്തിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Lufthansa pilots strike in Germany; more than 460 flights canceled



