ദുബായ്: ഞായറാഴ്ച രാവിലെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ദുബായ് മറീന, അൽ സുഫൂഹ് എന്നീ പ്രദേശങ്ങളിലെ താമസക്കാരാണ് ശക്തമായ ശബ്ദം കേട്ടതായി അറിയിച്ചത്. രാജ്യത്തിന് നേരെ വന്ന മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതിനെ തുടർന്നാണ് ഈ ശബ്ദങ്ങൾ ഉണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആകാശത്തുവെച്ച് തന്നെ ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചുവെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ വിവരങ്ങളോ വിശ്വസിക്കരുതെന്നും ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ദുബായ് മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.
ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രുക്കൾക്ക് സഹായകരമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.
സുരക്ഷാ നടപടികളെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 25 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറി. രാജ്യത്തിന്റെ പ്രതിരോധ നടപടികളെ തടസ്സപ്പെടുത്തുക, ശത്രുരാജ്യങ്ങളുടെ സൈനിക നടപടികളെ മഹത്വവൽക്കരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യത്തിൻ്റെ അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾക്കായി ദുബായ് മീഡിയ ഓഫീസിന്റെ വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ ശ്രദ്ധിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Loud explosion heard in Dubai: Defense forces foil missile and drone attacks, Dubai Media Office says



