ടൊറന്റോ: ലോട്ടോ മാക്സിന്റെ 80 മില്യൺ ഡോളർ ജാക്ക്പോട്ട് തുടർച്ചയായ അഞ്ചാം തവണയും വിജയികളില്ലാതെ തുടരുന്നു. ഇതോടെ ലോട്ടറി പ്രേമികൾ ഉറ്റുനോക്കുന്ന ഈ വർഷത്തെ അവസാന നറുക്കെടുപ്പിലെ ആകെ സമ്മാനത്തുക 129 മില്യൺ ഡോളറായി ഉയർന്നു. ഡിസംബർ 30 ചൊവ്വാഴ്ചയാണ് 2025-ലെ അവസാനത്തെ ഈ മെഗാ നറുക്കെടുപ്പ് നടക്കുന്നത്. 80 മില്യൺ ഡോളറിന്റെ പ്രധാന ജാക്ക്പോട്ടിന് പുറമെ, ഒരു മില്യൺ ഡോളർ വീതം ലഭിക്കുന്ന 49 ‘മാക്സ് മില്യൺസ്’ സമ്മാനങ്ങളും അടുത്ത നറുക്കെടുപ്പിന്റെ സവിശേഷതയാണ്.
കഴിഞ്ഞ ബോക്സിംഗ് ഡേയിൽ (ഡിസംബർ 26) നടന്ന നറുക്കെടുപ്പിൽ പ്രധാന സമ്മാനം ആർക്കും ലഭിച്ചില്ലെങ്കിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവർക്ക് ഉപസമ്മാനങ്ങൾ ലഭിച്ചു. നയാഗ്ര ഫാൾസ്, ഒഷാവ, മിസിസാഗ, ഓക്വിൽ എന്നിവിടങ്ങളിൽ വിറ്റ ടിക്കറ്റുകൾക്കും OLG.ca വഴി ഓൺലൈനായി എടുത്ത ഒരു ടിക്കറ്റിനും ഒരു മില്യൺ ഡോളർ വീതം സമ്മാനം ലഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
കൂടാതെ, മിൽട്ടൺ, ഓട്ടവ, പ്രിൻസ് എഡ്വേർഡ് കൗണ്ടി എന്നിവിടങ്ങളിൽ വിറ്റ ടിക്കറ്റുകൾക്ക് 5,00,000 ഡോളർ വീതം സമ്മാനം ലഭിച്ചു. ഈ സമ്മാനത്തുക കാനഡയുടെ മറ്റ് ഭാഗങ്ങളിൽ വിറ്റ ടിക്കറ്റുകളുമായി പങ്കിടേണ്ടി വരും. വെല്ലിംഗ്ടൺ കൗണ്ടിയിൽ വിറ്റ ഒരു എൻകോർ (Encore) ടിക്കറ്റിന് ഒരു ലക്ഷം ഡോളറും സമ്മാനമായി ലഭിച്ചിട്ടുണ്ട്.
2009-ൽ ലോട്ടോ മാക്സ് ആരംഭിച്ചത് മുതൽ ഒന്റാറിയോയിലെ കളിക്കാർക്ക് മാത്രം ഇതുവരെ 9.5 ബില്യൺ ഡോളറിലധികം സമ്മാനത്തുക ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 117 ജാക്ക്പോട്ട് വിജയികളും 980 മാക്സ് മില്യൺസ് സമ്മാനങ്ങളും ഉൾപ്പെടുന്നു. ഒന്റാറിയോയ്ക്ക് പുറമെ കാനഡയുടെ മറ്റ് പ്രവിശ്യകളിലും ലോട്ടോ മാക്സിന് വലിയ ജനപ്രീതിയാണുള്ളത്. 5 ഡോളർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്ന ലോട്ടോ മാക്സിന്റെ നറുക്കെടുപ്പുകൾ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് നടക്കാറുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Lotto Max: No winners for the fifth time; $129 million awaits in the next draw



