ഓരോ വെള്ളിയാഴ്ചയും വൈകുന്നേരം ഒരുമിച്ചുള്ള ഡിന്നറും ലോട്ടറി ടിക്കറ്റുകളുമായിരുന്നു കനേഡിയൻ ദമ്പതികളായ ജോയ് മെനാർഡിന്റെയും ലിസിന്റെയും പ്രണയം. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞു. പതിവുപോലെ വാങ്ങിയ ലോട്ടറി ടിക്കറ്റ് അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് $34 മില്യൺ (ഏകദേശം 282 കോടി രൂപ) എന്ന സ്വപ്നസമ്മാനമായിരുന്നു. ഈ സ്നേഹനിധികളായ ദമ്പതികളുടെ വിജയം ഇപ്പോൾ ലോകം മുഴുവൻ ആഘോഷിക്കുകയാണ്.
ഒരു തമാശയായി തുടങ്ങിയ നിമിഷം ജീവിതത്തിലെ ഏറ്റവും വലിയ സത്യമായി മാറിയതിനെക്കുറിച്ച് ലിസ് ഓർത്തെടുക്കുന്നു. “ജോ! ജോ!” എന്ന് ആവർത്തിച്ച് വിളിച്ചപ്പോൾ ആദ്യം 34,000 ഡോളറാണ് കിട്ടിയതെന്നാണ് ജോയ് കരുതിയത്. എന്നാൽ, മൊബൈൽ ആപ്പിൽ തെളിഞ്ഞുവന്ന വലിയ സംഖ്യ കണ്ട് അവർ ഇരുവരും അമ്പരന്നു. “പൂജ്യങ്ങളുടെ എണ്ണം നോക്കൂ!” എന്ന് ലിസ് പറഞ്ഞപ്പോൾ മാത്രമാണ് ജോയിക്ക് തങ്ങളുടെ ജീവിതം മാറിമറിഞ്ഞുവെന്ന് മനസ്സിലായത്. ഈ വാർത്ത മക്കളെ അറിയിച്ചപ്പോൾ അവർ വിശ്വസിച്ചതേയില്ല. ഒടുവിൽ ആപ്പിന്റെ സ്ക്രീൻഷോട്ട് അയച്ചുകൊടുത്തപ്പോൾ അവർ സന്തോഷം കൊണ്ട് അലറിവിളിച്ചു.
തങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ദമ്പതികളുടെ കണ്ണുകളിൽ തിളക്കം. വിന്റേജ് കാറുകളോട് ഏറെ ഇഷ്ടമുള്ള ജോയിക്ക് ഇനി തന്റെ ഇഷ്ടവാഹനം വാങ്ങാം. ലിസിന്റെ ആഗ്രഹം അതിമനോഹരമായൊരു വീടാണ്, ഒപ്പം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ വലിയൊരു ഹാർവെസ്റ്റ് ടേബിളും. ഇത്രയും കാലം ഒരു തമാശയായി താൻ നിർമ്മിച്ചുനൽകിയ മോതിരം ധരിച്ചതിന് ജോയ് ലിസിന് യഥാർത്ഥ വജ്രമോതിരം വാങ്ങി നൽകുമെന്നും വാക്കുനൽകി.
“എന്റെ ഉറ്റസുഹൃത്താണ് അദ്ദേഹം. ഒന്നുമില്ലാതിരുന്നപ്പോഴും ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് നൽകിയിട്ടുണ്ട്,” ലിസ് സ്നേഹത്തോടെ പറയുന്നു. ഈ പണംകൊണ്ട് ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ജോയും ലിസും ഒരുമിച്ചു പറഞ്ഞു, “മക്കളുടെ ഭാവി സുരക്ഷിതമാക്കണം.” ഒപ്പം, കാനഡയിലുടനീളം യാത്ര ചെയ്യാനുള്ള തങ്ങളുടെ സ്വപ്നവും അവർ പങ്കുവെച്ചു.
ലോട്ടറി വിജയിച്ചതിന് ശേഷം ജോയ് ഒരു തമാശയായി പറഞ്ഞതിങ്ങനെയാണ്: “ഇനി ഞങ്ങളുടെ ചെറിയ പട്ടണമായ കാഷെ ബേയുടെ പേര് കാഷ് ബേ എന്ന് മാറ്റിയെഴുതേണ്ടി വരും!” ഈ വിജയം വെറും ഭാഗ്യം മാത്രമല്ല, 36 വർഷം നീണ്ട സ്നേഹത്തിന്റെയും ഒത്തൊരുമിച്ചുള്ള ജീവിതത്തിന്റെയും മധുരഫലം കൂടിയാണ്. ഇവരുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല.
All dreams came true together!; Lottery ticket gave a fortune of Rs 282 crore; Canadian couple celebrated



