ഒന്റാറിയേയിലെ ലണ്ടനിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി. മകൾ ബാർബറ കബാല വികാരനിർഭരമായ കോടതി നടപടികൾക്ക് സാക്ഷ്യം വഹിച്ചു. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് സ്റ്റേറ്റ്‌മെന്റുകളിൽ രണ്ടെണ്ണം കോടതിയിൽ വെച്ച് തന്നെ വായിച്ചു. 2021-ൽ മാതാവ് എൽസ്ബിയെറ്റയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബാർബറ കബാലയെ ജനുവരിയിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് (manslaughter) കുറ്റക്കാരിയായി കോടതി കണ്ടെത്തിയത്.
“ദയയും പരിഗണനയുമുള്ള, സൗഹൃദപരമായ, തമാശകൾ പറയുന്ന, ജീവിതത്തെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു എൽസ്ബിയെറ്റ” എന്ന് അവരുടെ അടുത്ത സുഹൃത്തും അയൽവാസിയുമായ ഒരാൾ കോടതിയിൽ പറഞ്ഞു. എൽസ്ബിയെറ്റ മരിച്ച രാത്രി താൻ കണ്ട കാഴ്ചകൾ നാല് വർഷത്തിന് ശേഷവും തന്നെ ഭയപ്പെടുത്തുന്നുവെന്നും അവർ വ്യക്തമാക്കി.
മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കിടെ, കബാലയ്ക്കും അമ്മയ്ക്കും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ പതിവായിരുന്നെന്നും ജൂറിമാർ മനസ്സിലാക്കി. 2021 ജൂലൈ 7-ന്, തെക്കൻ ലണ്ടനിലെ 392 വിൽക്കിൻസ് സ്ട്രീറ്റിലുള്ള ഇവർ താമസിച്ചിരുന്ന ടൗൺഹൗസിൽ വെച്ച് വാക്കുതർക്കം ശാരീരിക ആക്രമണമായി മാറുകയായിരുന്നു. കബാലയുടെ 911 കോളിനെ തുടർന്ന് സ്ഥലത്തെത്തിയ ലണ്ടൻ പോലീസ്, എൽസ്ബിയെറ്റ ബോധരഹിതയായി തറയിൽ കിടക്കുന്നതാണ് കണ്ടത്.
പിന്നീട് അവർ മരിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ഏറ്റ ശക്തമായ സമ്മർദ്ദമാണ് മരണകാരണമെന്ന് കണ്ടെത്തി. കൂടാതെ, ശരീരത്തിൽ 55-ൽ അധികം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബാർബറ കബാല നിലവിൽ ജാമ്യത്തിൽ തുടരുകയാണ്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഒക്ടോബർ 17-ലേക്ക് മാറ്റി.



