സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ സ്വപ്നപദ്ധതിയായ ‘ബേ ഡു നോർഡ്’ പുനരുജ്ജീവിപ്പിക്കുമ്പോൾ, നിർമ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പദ്ധതിയെ ബാധിക്കുമെന്ന ആശങ്കകൾ തള്ളി പ്രവിശ്യാ ഭരണകൂടവും ട്രേഡ്‌സ് എൻഎല്ലും. പദ്ധതിക്കാവശ്യമായ നൈപുണ്യമുള്ള തൊഴിലാളികൾ പ്രവിശ്യയിൽ തന്നെ ലഭ്യമാണെന്ന് ട്രേഡ്‌സ് എൻഎൽ ഡെപ്യൂട്ടി ഡയറക്ടർ കോറി പാഴ്സൺസ് വ്യക്തമാക്കി.
നിലവിൽ 50 വ്യത്യസ്ത തൊദ്യോഗിക മേഖലകളിലായി 14,000-ത്തോളം വിദഗ്ധ തൊഴിലാളികൾ ട്രേഡ്‌സ് എൻഎല്ലിന് കീഴിലുണ്ട്. ഇതിൽ 7,500 മുതൽ 8,000 വരെ തൊഴിലാളികൾ തൊഴിലിനായി നിലവിൽ ഇതര പ്രവിശ്യകളെയാണ് ആശ്രയിക്കുന്നത്. സ്വന്തം നാട്ടിൽ മികച്ച തൊഴിലവസരം ലഭിക്കുന്നതോടെ ഇവർ തിരിച്ചെത്തുമെന്നും ഇത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുമെന്നും പാഴ്സൺസ് ചൂണ്ടിക്കാട്ടി.
2010 കാലഘട്ടത്തിൽ ഒരേസമയം നടന്ന മൂന്ന് വമ്പൻ പദ്ധതികൾ (ലോംഗ് ഹാർബർ റിഫൈനറി, ഹെബ്രോൺ, ലോവർ ചർച്ചിൽ മസ്‌ക്രാറ്റ് ഫാൾസ്) വിജയകരമായി പൂർത്തിയാക്കിയ പാരമ്പര്യം പ്രവിശ്യയിലെ തൊഴിലാളികൾക്കുണ്ട്. അന്ന് 20,000-ത്തിലധികം തൊഴിലാളികളെ അണിനിരത്താൻ സാധിച്ചിരുന്നു. ആ പരിചയസമ്പന്നരായ തൊഴിലാളികൾ ഇപ്പോഴും ലഭ്യമാണെന്നത് പദ്ധതിക്ക് മുതൽക്കൂട്ടാകും.
നിലവിൽ തൊഴിൽശക്തി സുരക്ഷിതമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചില വെല്ലുവിളികൾ അധികൃതർ കാണുന്നുണ്ട്. പ്രവിശ്യയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 53 ആണ്. പുതിയ തലമുറയിൽ നിന്നുള്ള ട്രെയിനികളുടെയും അപ്രന്റീസുകളുടെയും കുറവ് ഭാവിയിൽ പ്രതിസന്ധിയുണ്ടാക്കിയേക്കാം. ഇത് പരിഹരിക്കാൻ മെമ്മോറിയൽ യൂണിവേഴ്സിറ്റിയും (MUN) കോളേജ് ഓഫ് ദി നോർത്ത് അറ്റ്ലാന്റിക്കും (CNA) പ്രത്യേക പരിശീലന പരിപാടികളുമായി രംഗത്തുണ്ട്.
പദ്ധതിയുടെ ഭാഗമായി പ്രാദേശിക അപ്രന്റീസുകൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പാഴ്സൺസ് പറഞ്ഞു. പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കാനും അവർക്ക് പ്രായോഗിക ജ്ഞാനം നൽകാനും ഈ നീക്കം സഹായിക്കും. ദശലക്ഷക്കണക്കിന് തൊഴിൽ മണിക്കൂറുകൾ വാഗ്ദാനം ചെയ്യുന്ന ബേ ഡു നോർഡ് പദ്ധതി പ്രവിശ്യയുടെ സാമ്പത്തിക മേഖലയ്ക്ക് വൻ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Local workforce to power massive project in Newfoundland; Trades NL dismisses concerns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



