ടൊറന്റോ: ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ കാനഡയിൽ ഉത്പാദിപ്പിച്ചതാണെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതിന് പ്രമുഖ ഗ്രോസറി ശൃംഖലയായ ലോബ്ലോയ്ക്ക് 10,000 ഡോളർ പിഴ ചുമത്തി കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ടൊറന്റോയിലെ ഒരു സൂപ്പർസ്റ്റോറിൽ വിദേശത്തുനിന്ന് എത്തിച്ച ബ്രോക്കോളി സ്ലോ കനേഡിയൻ ഉൽപ്പന്നമാണെന്ന വ്യാജേന വിപണനം നടത്തിയതിനാണ് ഈ നടപടി.
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘പ്രസിഡന്റ്സ് ചോയ്സ്’ ബ്രോക്കോളി സ്ലോ പാക്കറ്റുകളിൽ “Product of USA” എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, സ്റ്റോറിലെ ഷെൽഫുകളിൽ മേപ്പിൾ ഇലയുടെ ചിത്രവും “Product of Canada” എന്ന ബോർഡും വച്ചാണ് വിൽപന നടത്തിയത്. ഉപഭോക്താക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. ഒരു ഉൽപ്പന്നം കനേഡിയൻ എന്ന് അവകാശപ്പെടണമെങ്കിൽ അത് പൂർണ്ണമായും രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കണമെന്നാണ് നിയമം.
സമാനമായ ലേബലിംഗ് ക്രമക്കേട് നടത്തിയ മറ്റൊരു പ്രമുഖ ശൃംഖലയായ സോബെയ്‌സിനെതിരെയും കർശന നടപടിയുണ്ടാകുമെന്ന് CFIA സൂചന നൽകി. സോബെയ്‌സിന്റെ ഉടമസ്ഥതയിലുള്ള സേഫ്‌വേ സ്റ്റോറിൽ ഇറക്കുമതി ചെയ്ത അവക്കാഡോ ഓയിൽ കനേഡിയൻ ഉൽപ്പന്നമായി പ്രദർശിപ്പിച്ചത് നിലവിൽ ഏജൻസിയുടെ പരിശോധനയിലാണ്. ഈ കേസിലും പിഴ ചുമത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കോടിക്കണക്കിന് ഡോളർ വരുമാനമുള്ള ലോബ്ലോയെപ്പോലുള്ള വൻകിട കമ്പനികൾക്ക് 10,000 ഡോളർ പിഴ എന്നത് വളരെ കുറഞ്ഞ തുകയാണെന്ന് ഉപഭോക്താക്കൾക്കിടയിൽ ആക്ഷേപമുണ്ട്. വിദേശ ഉൽപ്പന്നങ്ങളെ സ്വദേശി എന്ന പേരിൽ വിൽക്കുന്ന ‘മേപ്പിൾ വാഷിംഗ്’ തടയാൻ പിഴ തുക ഉയർത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. എന്നാൽ നിലവിലെ നിയമമനുസരിച്ച് ഇത്തരം കുറ്റങ്ങൾക്ക് പരമാവധി 15,000 ഡോളർ വരെ മാത്രമേ പിഴ ഈടാക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Loblaw fined $10,000 for mislabeling imported foreign products as 'Canadian'



