യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി താരിഫിനെ തുടർന്ന് യുഎസിൽ നിന്നുള്ള മദ്യം നോവ സ്കോഷ്യ ലിക്വർ കോർപ്പറേഷൻ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തു. തുടർന്ന് കമ്പനിക്ക് ഏകദേശം 600,000 യൂണിറ്റ് മദ്യം സംഭരിക്കേണ്ടി വന്നതായി റിപ്പോർട്ട്.ഇറക്കുമതി താരിഫിനെ തുടർന്നുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി നോവ സ്കോഷ്യ ലിക്വർ കോർപ്പറേഷൻ (NSLC) അമേരിക്കൻ മദ്യം അവരുടെ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു. 2025 മാർച്ച് 6-ന് പുറത്തുവിട്ട രേഖകൾ പ്രകാരം, 400-ൽ അധികം വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾ, വെയർഹൗസുകളിലും കടകളിലുമായി 587,153 യൂണിറ്റുകളിലായി NSLC-യുടെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ ചില്ലറ വിപണിയിലെ മൂല്യം $14,896,652 വരും.
അമേരിക്കൻ ഉത്പന്നങ്ങൾ നീക്കം ചെയ്തതോടെ, കനേഡിയൻ ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലായി താല്പര്യപ്പെടുന്നു. നോവ സ്കോഷ്യയിലെ വൈൻ, സ്പിരിറ്റ് ഉത്പന്നങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 14.5 ശതമാനത്തിന്റെയും 26.7 ശതമാനത്തിന്റെയും വർദ്ധനവുണ്ടായി. കൂടാതെ, കനേഡിയൻ വൈൻ വിൽപ്പനയിൽ 12.9 ശതമാനത്തിന്റെയും കനേഡിയൻ വിസ്കി വിൽപ്പനയിൽ 9.2 ശതമാനത്തിന്റെയും വർദ്ധനവുണ്ടായി. അമേരിക്കൻ മദ്യം സംഭരിച്ചിട്ടുള്ള സ്ഥലം സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് NSLC അധികൃതർ അറിയിച്ചു.
മദ്യത്തിന് ഏർപ്പെടുത്തിയ ഈ ഇറക്കുമതി താരിഫ് ചില മദ്യങ്ങൾക്ക് തിരിച്ചടിയായി.
ബാർകാർഡിന്റെ മദ്യങ്ങൾ പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള ഉത്പന്നമായതിനാൽ ഇറക്കുമതി താരിഫിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ, കാനഡയിൽ ഉത്പാദിപ്പിക്കുന്ന ചില അമേരിക്കൻ ബ്രാൻഡുകളായ ബഡ്, ബഡ് ലൈറ്റ്, കൂർസ് തുടങ്ങിയവയും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, സതേൺ കംഫർട്ട് പോലുള്ള ചില ഉത്പന്നങ്ങൾ അമേരിക്കൻ ഉത്പന്നങ്ങളായി തെറ്റിദ്ധരിച്ച് തുടക്കത്തിൽ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട്, അവ കാനഡയിൽ നിർമ്മിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തിരികെ എത്തിച്ചു. കാനഡയ്ക്ക് ഇറക്കുമതി താരിഫ് ഒഴിവാക്കുന്നത് വരെ അമേരിക്കൻ മദ്യത്തിനുള്ള നിരോധനം തുടരാനാണ് നിലവിലെ തീരുമാനം. 2022-ൽ റഷ്യൻ മദ്യത്തിനും സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Liquor market will be shaken by tariffs; Nova Scotia says no to American alcohol



