ഹാലിഫാക്സ്: ക്യൂബയിലെ അതിരൂക്ഷമായ ഇന്ധനക്ഷാമത്തെത്തുടർന്ന് കാനഡ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. നോവ സ്കോഷ്യയിലെ ഹാലിഫാക്സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘നോട്ട് ജസ്റ്റ് ടൂറിസ്റ്റ്’ (Not Just Tourists) എന്ന സംഘടന ശേഖരിച്ച ജീവൻരക്ഷാ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും ക്യൂബയിൽ എത്തിക്കാനാവാതെ വെയർഹൗസുകളിൽ കെട്ടിക്കിടക്കുകയാണ്.
വിനോദസഞ്ചാരികൾ വഴി ക്യൂബയിലെ ആശുപത്രികളിലേക്ക് നേരിട്ട് വൈദ്യസഹായം എത്തിക്കുന്ന രീതിയാണ് ഈ സംഘടന പിന്തുടരുന്നത്. സഞ്ചാരികളുടെ ബാഗുകളിൽ അവശ്യ മരുന്നുകൾ നിറച്ചു നൽകി അയക്കുന്ന ഈ പദ്ധതിയിലൂടെ വർഷത്തിൽ 50 മുതൽ 70 വരെ സ്യൂട്ട്കേസ് മരുന്നുകളാണ് ഹാലിഫാക്സിൽ നിന്ന് മാത്രം അയച്ചിരുന്നത്. എന്നാൽ പ്രധാന വിമാനക്കമ്പനികൾ സർവീസ് നിർത്തിവെച്ചതോടെ ഈ ശൃംഖല പൂർണ്ണമായും തടസ്സപ്പെട്ടു.
ടൂറിസം ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണാണെന്നും കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ കുറവ് അവിടെ വലിയൊരു മാനുഷിക ദുരന്തത്തിന് (Humanitarian Crisis) കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്യൂബയിലെ ആശുപത്രികളിൽ മരുന്നുകൾക്കും മറ്റ് ഉപകരണങ്ങൾക്കും വലിയ ക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് ഈ സഹായം മുടങ്ങിയിരിക്കുന്നത്. സാഹചര്യം മാറുന്നത് വരെ മരുന്നുകൾ ശേഖരിക്കുന്നത് തുടരുമെന്നും വിമാന സർവീസുകൾ പുനരാരംഭിച്ചാൽ ഉടൻ തന്നെ ഇവ ക്യൂബയിൽ എത്തിക്കുമെന്നും സംഘടനയുടെ പ്രതിനിധികൾ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Lifesaving supplies stuck in Halifax amid Cuba travel advisory



