ഹാലിഫാക്സ്: കോളൻ കാൻസർ (വൻകുടലിലെ അർബുദം) നേരത്തെ കണ്ടെത്തുന്നതിനായുള്ള സ്ക്രീനിംഗ് പരിശോധനകളുടെ പ്രായപരിധി 50ൽ നിന്ന് 45 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോവ സ്കോഷ്യ ലിബറൽ പാർട്ടി നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. നിലവിൽ 50 വയസ്സ് മുതലാണ് പ്രവിശ്യയിൽ സൗജന്യ പരിശോധനാ കിറ്റുകൾ നൽകുന്നത്. എന്നാൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രായപരിധി കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞ വർഷം 45-ാം വയസ്സിൽ സ്റ്റേജ് 4 കാൻസർ സ്ഥിരീകരിക്കപ്പെട്ട കിറ്യ ഹാൻസൻ എന്ന യുവതിയുടെ സാന്നിധ്യത്തിലാണ് ലിബറൽ നേതാക്കൾ വാർത്താസമ്മേളനം നടത്തിയത്. 45 വയസ്സിൽ തന്നെ പരിശോധന ആരംഭിക്കുന്നത് വഴി അഞ്ചു ലക്ഷം ഡോളർ അധികച്ചെലവ് വരുമെങ്കിലും, രോഗം നേരത്തെ കണ്ടെത്തുന്നത് വഴി ഭാവിയിലെ വലിയ ചികിത്സാ ചെലവുകൾ ഒഴിവാക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും സാധിക്കുമെന്ന് ലിബറൽ നേതാവ് ഐയിൻ റാങ്കിൻ പറഞ്ഞു. അമേരിക്കയും ഓസ്ട്രേലിയയും ഇതിനകം തന്നെ പരിശോധനാ പ്രായം 45 ആക്കി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവകരമാണെന്നും ആരോഗ്യ വകുപ്പിന്റെ സജീവ പരിഗണനയിലാണെന്നും ആരോഗ്യ മന്ത്രി മിഷെൽ തോംപ്സൺ പ്രതികരിച്ചു. നിലവിൽ നോവ സ്കോഷ്യയിൽ പ്രതിവർഷം 900 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മുന്നൂറോളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്. അയച്ചുനൽകുന്ന പരിശോധനാ കിറ്റുകളിൽ പകുതിയിൽ താഴെ (48%) മാത്രമാണ് ആളുകൾ ഉപയോഗിച്ച് തിരികെ നൽകുന്നത്. ഇത് 60 ശതമാനത്തിന് മുകളിലെത്തിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Colon cancer: Liberals call for Nova Scotia to raise screening age to 45




