കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു.
ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാർണി ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
മാർക്ക് കാർണി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന കാർണി. കാനഡയുടെ ഭാവി സംരക്ഷിക്കാൻ ഐക്യത്തോടെയും സാമ്പത്തിക ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.
കാർണിയുടെ ഭരണത്തിൻ കീഴിൽ കാർബൺ നികുതി അവസാനിപ്പിക്കുമെന്നും അമേരിക്കയ്‌ക്കെതിരായ കനേഡിയൻ താരിഫുകൾ തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പുതിയ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുകയും അതിരുകൾ സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പി.പി. പൊളിവ്രിന്റെയും ആശയങ്ങളെ വിമർശിച്ച കാർണി കാനഡ ഒരു ശക്തമായ രാജ്യമാകുമെന്ന് ഉറപ്പുനൽകി. അദ്ദേഹത്തിന്റെ സാമ്പത്തിക പശ്ചാത്തലം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതിൽ സഹായകമാകുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
കാർണിയുടെ നിയമനം കാനഡയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു വലിയ മാറ്റമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പരിസ്ഥിതി പ്രവർത്തകർ കാർബൺ നികുതി നിർത്തലാക്കാനുള്ള തീരുമാനത്തെ ശക്തമായി വിമർശിക്കുന്നുണ്ട്. അതേസമയം സാമ്പത്തിക വിദഗ്ധർ അദ്ദേഹത്തിന്റെ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.






