ഒട്ടാവ : നുനാവുട്ടിൽ നിന്നുള്ള എൻഡിപി എംപി ലോറി ഇഡ്ലൗട്ട് ലിബറൽ പാർട്ടിയിൽ ചേർന്നതായി എൻഡിപി ഇടക്കാല നേതാവ് ഡോൺ ഡേവിസ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. ഇഡ്ലൗട്ടിന്റെ തീരുമാനത്തിൽ കടുത്ത നിരാശയുണ്ടെന്ന് വ്യക്തമാക്കിയ ഡേവിസ്, വോട്ടർമാരുടെ വിധി നിരസിക്കുന്നവർ വീണ്ടും ജനവിധി തേടണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും കൂട്ടിച്ചേർത്തു. ഈ കൂറുമാറ്റത്തോടെ ഹൗസ് ഓഫ് കോമൺസിൽ ലിബറൽ പാർട്ടിയുടെ അംഗബലം 170 ആയി ഉയർന്നു. 172 സീറ്റുകൾ തികച്ചാൽ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സഭയിൽ കേവല ഭൂരിപക്ഷം ലഭിക്കും.
ലോറി ഇഡ്ലൗട്ടിന്റെ മാറ്റത്തോടെ പാർലമെന്റിൽ എൻഡിപി അംഗങ്ങളുടെ എണ്ണം ആറായി കുറഞ്ഞു. ജഗ്മീത് സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള എൻഡിപി നേതൃത്വ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നിർണ്ണായക നീക്കം. പുതിയ നേതാവിനെ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിക്ക് തിരിച്ചടിയായി ഈ അംഗബല തകർച്ച ഉണ്ടായിരിക്കുന്നത്. നിലവിൽ മൂന്ന് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 13-ന് നടക്കുമെന്ന് പ്രധാനമന്ത്രി കാർണി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്കാർബറോ സൗത്ത് വെസ്റ്റ്, ടെറെബോൺ, യൂണിവേഴ്സിറ്റി-റോസ്ഡേൽ എന്നീ മണ്ഡലങ്ങളിലാണ് ഏപ്രിൽ 13-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമുഖ നേതാക്കളായ ക്രിസ്റ്റ്യ ഫ്രീലാന്റ്, ബിൽ ബ്ലെയർ എന്നിവർ രാജിവെച്ച ഒഴിവിലേക്കാണ് ടൊറന്റോയിലെ രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. ക്യൂബെക്കിലെ ടെറെബോൺ മണ്ഡലത്തിലെ മുൻ തെരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് അവിടെ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ വിജയിക്കാനായാൽ ലിബറൽ പാർട്ടിക്ക് ഭരണത്തിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Liberal Party close to majority; NDP MP Lori Idlout defected



