കോഴിക്കോട്: മുസ്‌ലിം ലീഗ് വിട്ട് ഇടത് പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. പി.കെ ഫിറോസ്, എം.കെ മുനീർ എന്നിവർക്കൊപ്പമാണ് അദ്ദേഹം പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് നടക്കുന്ന കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സി.പി.എം തന്നെ തുടർച്ചയായി അവഗണിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സി.പി.എമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ ലീഗിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അടവുനയത്തിന്റെ ഭാഗമായാണ് തന്നെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സമീപിച്ചിരുന്നുവെന്നും പഴയ മാതൃസംഘടനയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും റസാഖ് പറഞ്ഞു. 2016-ൽ കൊടുവള്ളിയിൽ സി.പി.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച റസാഖ്, മലബാർ മേഖലയിലെ ഇടത് മുന്നണിയുടെ കരുത്തനായ മുഖമായിരുന്നു. അദ്ദേഹത്തിന്റെ മടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
Left CPM; Karat Razak joined Muslim League; reached Panakkad and accepted membership
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



