പരീക്ഷണങ്ങൾക്കൊടുവിൽ ലെഡ്ഡിനെ (ഈയം) സ്വർണമാക്കി മാറ്റി ശാസ്ത്രജ്ഞർ. സേണിന്റെ ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) എന്നറിയപ്പെടുന്ന യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിലെ (സേൺ-CERN) ഭൗതികശാസ്ത്രജ്ഞരാണ് ലെഡിനെ താൽക്കാലികമായി സ്വർണ്ണമാക്കി മാറ്റിയത്. ഇവിടുത്തെ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ 2015 നും 2018 നും ഇടയിൽ നടന്ന പരീക്ഷണങ്ങളിൽ, ലെഡ് ആറ്റങ്ങളെ പ്രകാശത്തിന്റെ 99.999993% വേഗതയിൽ കൂട്ടിയിടിപ്പിക്കുകയുണ്ടായി. ഈ അതിശക്തമായ കൂട്ടിയിടികളുടെ ഫലമായി ഏകദേശം 86 ബില്യൺ സ്വർണ ന്യൂക്ലിയസുകൾ സൃഷ്ടിക്കപ്പെട്ടു എന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്.
CERN പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, അടിസ്ഥാന ലോഹമായ ലെഡിനെ സ്വർണ്ണമാക്കി മാറ്റുക എന്നത് മധ്യകാല ആൽക്കെമിസ്റ്റുകളുടെ സ്വപ്നമായിരുന്നു. മങ്ങിയ ചാരനിറത്തിലുള്ള, താരതമ്യേന സമൃദ്ധമായ ലെഡിന് സ്വർണത്തിന് സമാനമായ സാന്ദ്രതയുണ്ടെന്ന നിരീക്ഷണത്തിൽ നിന്നാണ് ക്രിസോപോയ എന്നറിയപ്പെടുന്ന അന്വേഷണത്തിന് പ്രചോദനമായത്. എന്നാൽ, ലെഡും സ്വർണവും വ്യത്യസ്ത രാസ മൂലകങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ലെന്നും വളരെ പിന്നീടാണ് വ്യക്തമായത്. ആവർത്തനപ്പട്ടികയിൽ സ്വർണവും ലെഡും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു സ്വർണ ആറ്റത്തിൽ 79 പ്രോട്ടോണുകളും ഒരു ലെഡ് ആറ്റത്തിൽ 82 പ്രോട്ടോണുകളുമാണ് ഉള്ളത്. അതായത്, ലെഡ് ആറ്റത്തിൽ നിന്ന് വെറും മൂന്ന് പ്രോട്ടോണുകളും കുറച്ച് ന്യൂട്രോണുകളും മാറ്റിയാൽ അതിനെ സ്വർണമാക്കി മാറ്റാൻ സാധിക്കും.
LHC-യിൽ സൃഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ അളവ് വളരെ കുറവാണ്, അത് വളരെ ചെലവേറിയ ഒരു പ്രക്രിയയാണ്, കൂടാതെ സൃഷ്ടിക്കപ്പെട്ട സ്വർണം താൽക്കാലികമായി മാത്രമേ നിലനിൽക്കൂ. അതിനാൽ, വ്യാവസായിക ആവശ്യങ്ങൾക്കായി ലെഡ് സ്വർണമാക്കി മാറ്റാനുള്ള സാധ്യത നിലവിൽ വളരെ അകലെയാണ്.



