2026 മാർച്ച് 3-ന് കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം വിവിധ വിസ അപേക്ഷകളുടെ പ്രോസസിംഗ് സമയത്തിൽ വലിയ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പൗരത്വത്തിനായുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ നിലവിൽ 14 മാസത്തെ താമസം നേരിടുന്നുണ്ട്. ജനുവരി മാസത്തെ അപേക്ഷിച്ച് ഒരു മാസത്തെ വർദ്ധനവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 3,13,000 അപേക്ഷകരാണ് പൗരത്വത്തിനായി കാത്തിരിക്കുന്നത്. 2025 ഒക്ടോബർ 8-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിച്ചവർക്കാണ് ഇപ്പോൾ അക്നോളജ്മെന്റ് രേഖകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പെർമനന്റ് റെസിഡന്റ് (PR) കാർഡുകളുടെ കാര്യത്തിൽ പ്രോസസിംഗ് സമയം താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പിആർ കാർഡുകൾക്കായി 61 ദിവസവും കാർഡ് പുതുക്കുന്നതിനായി 28 ദിവസവുമാണ് നിലവിൽ എടുക്കുന്നത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്ന കാര്യത്തിൽ ക്യൂബെക്ക് ഒഴികെയുള്ള പ്രവിശ്യകളിൽ 15 മാസമാണ് സമയപരിധി. എന്നാൽ ക്യൂബെക്കിൽ ഇത് 35 മാസമായി തന്നെ തുടരുന്നു. അതേസമയം മാതാപിതാക്കളെയും ഗ്രാൻഡ്പേരന്റ്സിനെയും സ്പോൺസർ ചെയ്യുന്ന വിഭാഗത്തിൽ കാത്തിരിപ്പ് സമയം 35 മാസമായി കുറഞ്ഞത് അപേക്ഷകർക്ക് ആശ്വാസകരമാണ്.
സാമ്പത്തിക വിഭാഗത്തിലെ പ്രധാനമായ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) അപേക്ഷകളുടെ സമയം 7 മാസമായി വർദ്ധിച്ചിട്ടുണ്ട്. ഏകദേശം 34,200 പേരാണ് ഈ വിഭാഗത്തിൽ ഇപ്പോൾ അപേക്ഷ നൽകി കാത്തിരിക്കുന്നത്. എന്നാൽ നോൺ-എക്സ്പ്രസ് എൻട്രി പിഎൻപി (PNP) വിഭാഗത്തിൽ പ്രോസസിംഗ് സമയത്തിൽ മൂന്ന് മാസത്തെ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. സ്റ്റാർട്ട്-അപ്പ് വിസ, സെൽഫ് എംപ്ലോയ്ഡ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിൽ ഇപ്പോഴും 10 വർഷത്തിലധികം കാത്തിരിപ്പ് തുടരുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ സംബന്ധിച്ചിടത്തോളം സന്ദർശക വിസയ്ക്കുള്ള (Visitor Visa) സമയം 66 ദിവസമായി കുറഞ്ഞു. സൂപ്പർ വിസയ്ക്ക് 210 ദിവസവും സ്റ്റഡി പെർമിറ്റിന് 4 ആഴ്ചയുമാണ് സമയം കണക്കാക്കുന്നത്. വർക്ക് പെർമിറ്റുകൾക്ക് ശരാശരി 8 ആഴ്ച കാത്തിരിക്കേണ്ടി വരും. സുരക്ഷാ പരിശോധനകൾ, രേഖകളുടെ കൃത്യത, അപേക്ഷകരുടെ എണ്ണം എന്നിവ അനുസരിച്ച് ഈ സമയക്രമത്തിൽ മാറ്റങ്ങൾ വരാമെന്ന് ഐആർസിസി വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Latest IRCC Processing Times As Of February 2026



