ഒട്ടാവ: കാനഡയിലേക്കുള്ള കുടിയേറ്റം കാത്തിരിക്കുന്നവർക്കായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2026 ഫെബ്രുവരിയിലെ ഏറ്റവും പുതിയ പ്രോസസിംഗ് സമയപരിധികൾ പുറത്തുവിട്ടു. സിറ്റിസൺഷിപ്പ് ഗ്രാൻഡ് മുതൽ വർക്ക് പെർമിറ്റ് വരെയുള്ള ഭൂരിഭാഗം അപേക്ഷകളിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പൗരത്വത്തിനായുള്ള കാത്തിരിപ്പ് സമയം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു മാസം വർധിച്ച് ഇപ്പോൾ 14 മാസമായി ഉയർന്നിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തിലധികം അപേക്ഷകരാണ് നിലവിൽ സിറ്റിസൺഷിപ്പ് ഗ്രാൻഡിനായി കാത്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകർക്ക് ആശ്വാസകരമായ വാർത്തയാണ് റിപ്പോർട്ടിലുള്ളത്. നിലവിൽ പ്രോസസിംഗ് സമയം 78 ദിവസമായി കുറഞ്ഞു, ഇത് ജനുവരിയെ അപേക്ഷിച്ച് അഞ്ച് ദിവസത്തെ കുറവാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കാനുള്ള ശരാശരി സമയം നാല് ആഴ്ചയായി തന്നെ തുടരുന്നു. വർക്ക് പെർമിറ്റിന്റെ കാര്യത്തിലും ഇന്ത്യക്കാർക്ക് എട്ട് ആഴ്ച എന്ന സമയക്രമത്തിൽ മാറ്റം വന്നിട്ടില്ല. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾക്ക് പത്ത് ആഴ്ച അധികം വർധിച്ച് ഇപ്പോൾ 30 ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നു എന്നത് ശ്രദ്ധേയമാണ്.
കാനഡ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴിയുള്ള പി.ആർ അപേക്ഷകർക്കും കാത്തിരിപ്പ് സമയം ഏഴ് മാസമായി വർധിച്ചിട്ടുണ്ട്. പുതിയ പി.ആർ കാർഡുകൾ ലഭിക്കാൻ 61 ദിവസവും അവ പുതുക്കാൻ 30 ദിവസവുമാണ് നിലവിൽ വേണ്ടിവരുന്നത്. മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സ്പോൺസർഷിപ്പ് അപേക്ഷകളിൽ രണ്ട് മാസത്തെ കുറവുണ്ടായി എന്നത് ആശ്വാസകരമാണ്. എന്നാൽ ക്യൂബെക്ക് പ്രവിശ്യയിലേക്കുള്ള അപേക്ഷകൾക്ക് കാനഡയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൂടുതൽ സമയം എടുക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവും സുരക്ഷാ പരിശോധനകളുമാണ് പലപ്പോഴും ഈ സമയമാറ്റങ്ങൾക്ക് കാരണമാകുന്നത്.
🍁കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
Latest IRCC Processing Times As Of February 2026



