373ൽ 87 മാനേജർമാർ ഫ്രഞ്ച് ‘Level 5’ പൂർത്തിയാക്കിയിട്ടില്ല
ബാങ്ക് ഓഫ് കാനഡയിലെ 373 മാനേജർമാരിൽ 87 പേർ (23%) സ്ഥാപനത്തിന്റെ ഫ്രഞ്ച് ഭാഷാ യോഗ്യതയായ ‘ലെവൽ 5’ നിലവാരം പൂർത്തീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 2021-ൽ രണ്ടു ഭാഷകളും അറിയാതെ നിയമിച്ച സീനിയർ ഡെപ്യൂട്ടി ഗവർണർ കാരലിൻ റോജേഴ്‌സും ഇതിൽ പെടുന്നു. ഇത് ഔദ്യോഗിക ഭാഷാ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ജീവനക്കാരൻ ഔദ്യോഗിക ഭാഷാ കമ്മീഷണർക്ക് പരാതി നൽകി.
റോജേഴ്‌സ് നിരന്തരം ഫ്രഞ്ച് പരിശീലനം നേടുന്നുണ്ടെങ്കിലും, ആവശ്യമായ രീതിയിൽ ഫ്രഞ്ച് ഭാഷയിൽ മാനേജ് ചെയ്യാൻ ഇപ്പോഴും കഴിയുന്നില്ല. ഔദ്യോഗിക ഭാഷാ കമ്മീഷണർ ഈ പരാതി സാധൂകരിച്ചു. ജീവനക്കാരുമായി ഫ്രഞ്ച് ഭാഷയിൽ ആശയവിനിമയം നടത്താൻ റോജേഴ്‌സിന് കഴിയുന്നില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.
ഈ പ്രശ്നത്തെത്തുടർന്ന് ബാങ്ക് ഓഫ് കാനഡ അതിന്റെ ഭാഷാ നയം പുനഃക്രമീകരിച്ചു. ആന്തരിക പരിപാടികളിൽ രണ്ടു ഭാഷയിലും പ്രസംഗം നിർബന്ധമാക്കി, ജീവനക്കാരുടെ ഭാഷാ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.അഞ്ച് വർഷത്തിനു പകരം മൂന്നു വർഷം കൂടുമ്പോൾ ഭാഷാ അറിവ് പരിശോധിക്കാനും തീരുമാനിച്ചു.
“ഭാഷാ നിയമങ്ങൾ പാലിക്കുന്നതിൽ ബാങ്ക് ഓഫ് കാനഡ മുന്നേറിയിട്ടുണ്ടെങ്കിലും, ഉയർന്ന സ്ഥാനങ്ങളിലേക്ക് നിയമിക്കുമ്പോൾ തന്നെ രണ്ടു ഭാഷയും അറിയുന്നവരായിരിക്കണം,”എന്ന് ഭാഷാനയ വിദഗ്ധൻ പ്രൊഫ. ജാക് ലെക്ലെർക് അഭിപ്രായപ്പെട്ടു. നടപടികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ബാങ്കിലെ ഭൂരിഭാഗം ജോലികളും ഇപ്പോഴും ഇംഗ്ലീഷിൽ ആണ് നടത്തുന്നതെന്നും ഭാഷാ നിയമങ്ങളുടെ പൂർണ അനുസരണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


