തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് വ്യക്തമാക്കി കേരള പൊലീസ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും പൂവാർ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്ത നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം റൂറൽ എസ്.പി ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഹാജരാക്കിയ രേഖകൾ പ്രകാരം പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതായാണ് കണ്ടെത്തൽ.
പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ്, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് പൂവാർ പഞ്ചായത്ത് അധികൃതർ വിവാഹം രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് സർക്കാരിൽ നിന്നുള്ള രേഖകൾ പ്രകാരം 2025 ജൂണിൽ തന്നെ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായി മൊഴി നൽകിയിട്ടുണ്ട്. ദേശീയ പട്ടികവർഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലിനെത്തുടർന്നാണ് വിവാഹത്തിലെ പ്രായം സംബന്ധിച്ച് കേരളാ പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
പെൺകുട്ടിയെ വിവാഹം കഴിച്ച ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും വ്യക്തമാക്കി ഫർമാൻ ഖാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള നടപടി ഹൈക്കോടതി അഞ്ചാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഹർജി അടുത്ത മാസം 20-ന് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പൊലീസിന്റെ പുതിയ റിപ്പോർട്ട് നിർണ്ണായകമാകും. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാടാണ് ഇനി വരാനിരിക്കുന്നത്.
Kumbh Mela viral girl’s marriage: Police say there is no mystery; Investigation report submitted
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



