എറണാകുളം: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി സോഷ്യൽ മീഡിയ താരം മൊണാലിസ. സിനിമാ സെറ്റുകളിൽ വെച്ച് സംവിധായകൻ പലതവണ മോശമായി പെരുമാറിയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് എറണാകുളത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മൊണാലിസ വെളിപ്പെടുത്തിയത്. തനിക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതെന്നും മൊണാലിസ ആരോപിച്ചു.
നെപ്പാളിലും ഡെറാഡൂണിലും വെച്ച് നടന്ന ചിത്രീകരണത്തിനിടെയാണ് സംവിധായകനിൽ നിന്നും അതിക്രമം നേരിട്ടതെന്ന് മൊണാലിസ പറഞ്ഞു. ഇക്കാര്യം കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞെങ്കിലും അവർ തനിക്കൊപ്പം നിൽക്കാൻ തയ്യാറായില്ല. ആദ്യത്തെ സിനിമയായതിനാൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പറഞ്ഞ് വീട്ടുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. നീതി ഉറപ്പാക്കുന്നതിനേക്കാൾ സാമ്പത്തിക ലാഭത്തിനാണ് കുടുംബം മുൻഗണന നൽകിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മൊണാലിസ മാധ്യമങ്ങളോട് വിശദീകരിച്ചു.
സത്യം മറച്ചുവെക്കാനാണ് സംവിധായകൻ ഇപ്പോൾ ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മൊണാലിസ ആരോപിച്ചു. സമാധാനപരമായി ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഭർത്താവ് ഫർമാനോടൊപ്പമാണ് മൊണാലിസ വാർത്താസമ്മേളനത്തിന് എത്തിയത്. രണ്ടാഴ്ച മുൻപ് വിവാഹിതരായ ഇവർ സിനിമ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മുൻപ് കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kumbh Mela star Monalisa accuses director of harassment



