നിരവധി നിഗൂഢതകൾ നിറഞ്ഞ സൗരയൂഥത്തിലെ ചുവന്ന ഗ്രഹമാണ് ചൊവ്വ. ഇപ്പോൾ ചൊവ്വയിൽ നിന്നുള്ള ഒരു കൗതുകക്കാഴ്ചയാണ് ചർച്ചയാകുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ മനുഷ്യൻറെ തലയോട്ടിയോട് സാമ്യമുള്ള ഒരു വസ്‍തു കണ്ടെത്തി.ചൊവ്വയിൽ ജെസെറോ ഗർത്തിൻറെ അരികിലാണ് തലയോട്ടിയുടെ ആകൃതിയിലുള്ള ഈ പാറയുടെ സ്ഥാനം. ചൊവ്വയിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. ചൊവ്വയിൽ നിന്നും തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢമായ പാറയുടെ ചിത്രങ്ങൾ പെർസിവറൻസ് റോവർ പകർത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.
‘സ്കൾ ഹിൽ’ എന്നാണ് തലയോട്ടിയുടെ ആകൃതിയിലുള്ള ഈ പാറയ്ക്ക് നാസ പേര് നൽകിയിരിക്കുന്നത്. ജെസെറോ ക്രേറ്ററിൻറെ അരികിൽ പെർസിവറൻസ് റോവർ സ്‍കൾ ഹിൽ എന്ന പാറ കണ്ടെത്തിയത് മാസ്റ്റ്‌ക്യാം-ഇസഡ് ഉപകരണം ഉപയോഗിച്ചാണ്. ഇളം നിറവും പൊടി നിറഞ്ഞതുമായ പ്രദേശമാണ് സ്കൾ ഹില്ലിന് ചുറ്റുമുള്ളത്. ഈ പാറ ഇരുണ്ടതും കോണാകൃതിയിലുള്ളതുമായ രൂപഭാവത്താൽ വേറിട്ടുനിൽക്കുന്നു. അതിൻറെ ഉപരിതലത്തിൽ ചെറിയ കുഴികളുണ്ട്. ചുറ്റുമുള്ള ലൈറ്റ് ടോൺ ഔട്ട്‌ക്രോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വ്യത്യാസം സ്‌കൾ ഹില്ലിനെ ശ്രദ്ധേയമാക്കുന്നുവെന്ന് നാസ പറയുന്നു.
പാറയുടെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ലെങ്കിലും, മണ്ണൊലിപ്പ് മൂലമോ അല്ലെങ്കിൽ ഒരു ആഘാതത്തിൽ പാറ അടിഞ്ഞുകൂടിയതിൻറെ ഫലമായോ കുഴികൾ രൂപപ്പെട്ടിരിക്കാമെന്നാണ് നാസയുടെ ഒരു അനുമാനം. സ്‍കൾ ഹിൽ ഒരു അഗ്നിശിലയായിരിക്കാമെന്നും അടുത്തുള്ള ഒരു പുറംതോടിൽ നിന്ന് മണ്ണൊലിപ്പ് സംഭവിച്ചതാകാമെന്നും അല്ലെങ്കിൽ ഒരു കൂട്ടിയിടിയിൽ നിന്ന് തെറിച്ചുവീണതാകാമെന്നും എന്ന തരത്തിലും വിലയിരുത്തലുകളുണ്ട്. സ്‍കൾ ഹില്ലിൻറെ നിറം ക്യൂരിയോസിറ്റി റോവർ ഗെയ്ൽ ക്രേറ്ററിൽ മുമ്പ് കണ്ടെത്തിയ ഉൽക്കാശിലകളെ ഓർമ്മിപ്പിക്കുന്നതായും നാസ നിരീക്ഷിച്ചു.



