കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മന്ത്രി, മടക്കയാത്രയ്ക്കായി വന്ദേ ഭാരത് എക്സ്പ്രസിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർ മന്ത്രിയെ തടയാൻ ശ്രമിക്കുകയും തുടർന്നുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രിയെ സമരക്കാർ കൈയേറ്റം ചെയ്തെന്നും അവർക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ സമരരീതികൾക്ക് വിരുദ്ധമായി ഒരു വനിതാ മന്ത്രിക്കുനേരെ ഇത്തരത്തിൽ തെരുവിൽ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകളിൽ നിന്ന് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും ഷംസീർ ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യുവും യൂത്ത് കോൺഗ്രസും മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തെ മറികടന്നാണ് പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് തള്ളിക്കയറിയത്. സംഭവത്തെത്തുടർന്ന് പോലീസ് പത്തോളം കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നിലവിൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും വിദഗ്ദ്ധ പരിശോധനകൾ തുടരുകയാണ്.
Content highlights : Kannur: KSU Workers Attack Veena George, Injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



