നിങ്ങൾ കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളിയാണോ? നിങ്ങൾക്ക് ഈ രാജ്യത്ത് എന്തൊക്കെ അവകാശങ്ങൾ ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ,കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികൾക്ക് കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ഉള്ള അതേ അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, ആരോഗ്യ പരിരക്ഷ, തൊഴിലുടമയുടെ ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമപ്രകാരം തൊഴിലുടമകൾ ഒപ്പിട്ട തൊഴിൽ കരാറുകൾ നൽകാനും പ്രാദേശിക തൊഴിൽ നിയമങ്ങൾ പാലിക്കാനും ബാധ്യസ്ഥരാണ്.
എന്നാൽ, എല്ലാ തൊഴിലുടമകളും ഈ നിയമങ്ങൾ പാലിക്കുന്നില്ല. സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാൻ നിർബന്ധിക്കുക, പാസ്പോർട്ട് പിടിച്ചുവെക്കുക, അല്ലെങ്കിൽ ദുരുപയോഗം റിപ്പോർട്ട് ചെയ്തതിന് ശിക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്ന് തൊഴിലാളികൾ മനസ്സിലാക്കണം. ശാരീരികം, മാനസികം, ലൈംഗികം, സാമ്പത്തികം എന്നിങ്ങനെയുളള ചൂഷണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 200-ലധികം ഭാഷകളിൽ സഹായം ലഭിക്കുന്ന രഹസ്യാത്മക റിപ്പോർട്ടിംഗ് സംവിധാനങ്ങളും ലഭ്യമാണ്.
നിയമപരമായ സംരക്ഷണം നിലവിലുണ്ടെങ്കിലും, താൽക്കാലിക വർക്ക് പെർമിറ്റുള്ള പല തൊഴിലാളികളും ഇപ്പോഴും ദുർബലരാണെന്ന് തൊഴിലാളി കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു. ഒരു തൊഴിലുടമയുമായി മാത്രം ബന്ധിപ്പിച്ചിട്ടുള്ള വർക്ക് പെർമിറ്റ് സംവിധാനം കാരണം പലരും ചൂഷണങ്ങൾ സഹിക്കാൻ നിർബന്ധിതരാകുന്നു. എല്ലാ തൊഴിലാളികൾക്കും യഥാർത്ഥ തുല്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഓപ്പൺ വർക്ക് പെർമിറ്റുകളും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു.
International Mobility Program – Get to know your rights while working in Canada



