കിച്ചനറിലെ ഈസ്റ്റ്വുഡ് കോളീജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മീസിൽസ് രോഗം സ്ഥിരീകരിച്ചതോടെ, വ്യാഴാഴ്ച (2025 മേയ് 15) സ്കൂൾ താത്കാലികമായി അടച്ചിട്ടതായി വാട്ടർലൂ റീജിയൻ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചു.മേയ് 7, 8 തീയതികളിൽ രോഗബാധാ സാധ്യതയുള്ള ദിവസങ്ങളായി ആരോഗ്യ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ദിവസങ്ങളിൽ സ്കൂളിൽ സാന്നിധ്യമായിരുന്നവരുമായി ബന്ധപ്പെട്ട് പൊതു ആരോഗ്യ വകുപ്പ് നേരിട്ട് വിവരങ്ങൾ കൈമാറും.മുന്കരുതലിന്റെ ഭാഗമായി വേണ്ട നടപടികൾ സ്വീകരിക്കപ്പെടുമെന്നും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ പിന്തുണയും നൽകിവരികയാണെന്നും സ്കൂൾ ബോർഡ് അറിയിച്ചു.
സ്കൂൾ അടച്ചിട്ടതിനാൽ, ഈസ്റ്റ്വുഡ് കോളീജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി പഠനം തുടരുമെന്ന് വാട്ടർലൂ റീജിയൻ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചു. പ്രദേശത്ത് വാക്സിനേഷൻ കവറേജ് കുറവായതിനെക്കുറിച്ചുള്ള ആശങ്ക ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഈ അടച്ചിടൽ.കഴിഞ്ഞ ആഴ്ച പുതുക്കിയ വാക്സിനേഷൻ രേഖകൾ ജനാരോഗ്യവകുപ്പിൽ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, വാട്ടർലൂ റീജിയനിലെ 920 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പ്രവേശനം താൽക്കാലികമായി നിരസിച്ചിരുന്നു.
രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന്, സുരക്ഷിത വിദ്യാഭ്യാസാവകാശം നിലനിർത്താൻ പ്രതിരോധ കുത്തിവയ്പ് നിർബന്ധമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഏപ്രിൽ അവസാനം മുതൽ വെല്ലിംഗ്ടൺ-ഡഫറിൻ-ഗുവെൽഫ് പ്രദേശത്തെ നാല് സ്കൂളുകളിൽ കൂടി മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, രോഗം കിച്ചനറിന് അതീതമായി മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളിൽ ചുമ, തുമ്മൽ, ചുവന്ന കണ്ണുകൾ, കൂടാതെ മുഖത്ത് നിന്ന് ശരീരമാകെ പടരുന്ന ചുവന്ന തിണർപ്പ് എന്നിവ ഉൾപ്പെടുന്നുവെന്ന് അധികൃതർ ഓർമിപ്പിക്കുകയും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ സേവനം തേടണമെന്നും പൊതുജനങ്ങളെ അറിയിച്ചു.



