ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന 2025 മെറ്റ് ഗാലയിൽ ആദ്യമായി പങ്കെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ആകർഷകമായ വേഷവിധാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘സൂപ്പര്‍ഫൈന്‍: ടെയ്ലറിംഗ് ബ്ലാക്ക് സ്‌റ്റൈല്‍’ എന്ന ഈ വർഷത്തെ തീമിന് അനുസരിച്ച് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജി തയ്യാറാക്കിയ കറുത്ത സ്യൂട്ടിലാണ് താരം എത്തിയത്. ടാസ്മാനിയൻ സൂപ്പർഫൈൻ കമ്പിളിയിൽ നിർമ്മിച്ച ജാപ്പനീസ് ഹോൺ ബട്ടണുകളുള്ള നീളമുള്ള കോട്ട്, ക്രേപ്പ് ഡി ചൈൻ സിൽക്ക് ഷർട്ട്, ടെയ്‌ലർ ചെയ്ത സൂപ്പർഫൈൻ കമ്പിളി ട്രൗസർ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ കറുത്ത വേഷവിധാനത്തിലായിരുന്നു കിംഗ് ഖാന്റെ പ്രത്യക്ഷപ്പെടൽ.
ഷാരൂഖിന്റെ വസ്ത്രധാരണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന് അദ്ദേഹം അണിഞ്ഞിരുന്ന ആഭരണങ്ങളായിരുന്നു. 18k സ്വർണ്ണത്തിൽ നീലക്കല്ലുകളും വജ്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ബംഗാൾ ടൈഗർ ഹെഡ് കെയ്നും, ‘കെ’ എന്ന വലിയ പെൻഡന്റ് ഉള്ള മാലയും അദ്ദേഹത്തിന്റെ ലുക്കിന് പ്രത്യേക പ്രാധാന്യം നൽകി.
ഷാരൂഖിന്റെ മാനേജർ പൂജ ദദ്‌ലാനി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയതനുസരിച്ച്, മാലയിലെ ‘കെ’ എന്ന അക്ഷരം ‘കിങ്ങ്’ എന്നതിനെ സൂചിപ്പിക്കുന്നതാണ്, ഇത് ബോളിവുഡ് ‘കിങ്’ എന്ന ഷാരൂഖിന്റെ പേരിനെ അടയാളപ്പെടുത്തുന്നതാണ്.
മെറ്റ് ഗാലയിൽ തന്റെ ട്രേഡ്മാർക്ക് ആയ ഐകോണിക് സ്റ്റൈൽ പോസും ഷാരൂഖ് കാണികൾക്കായി അവതരിപ്പിച്ചു. ഇത് ആരാധകരെ ആവേശത്തിലാക്കി. ഷാരൂഖ് ഖാന് പുറമെ, പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ്, നടി കിയാര അദ്വാനി എന്നിവരും ഇന്ത്യയിൽ നിന്ന് ആദ്യമായി മെറ്റ് ഗാലയിൽ പങ്കെടുത്തു. കൂടാതെ, ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ പ്രതിനിധികളായി പ്രശസ്ത ഡിസൈനർമാരായ മനീഷ് മൽഹോത്ര, സബ്യസാച്ചി മുഖർജി എന്നിവരും ഈ അന്താരാഷ്ട്ര ഫാഷൻ ഇവന്റിൽ സന്നിഹിതരായിരുന്നു.



