മേയ് 26-27 തീയതികളിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് കാനഡ സന്ദർശിച്ച് പാർലമെന്റിന്റെ പുതിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജാവായശേഷമുള്ള ആദ്യ കാനഡ സന്ദർശനമാണിത്. ചരിത്രത്തിൽ ആദ്യമായി ഒരു രാജാവ് ഓട്ടാവയിൽ പാർലമെന്റിന്റെ ഉത്ഘാടന പ്രസംഗം നടത്തുന്നത് ഈ സന്ദർശനത്തിനെ വ്യത്യസ്തമാക്കും. പുതിയ പ്രധാനമന്ത്രി മാർക് കാർണിയുടെ ക്ഷണം നാല് ദിവസത്തിനുള്ളിൽ സ്വീകരിച്ചത് ഇരു രാജ്യങ്ങളുടെയും അടുത്ത ബന്ധം വ്യക്തമാക്കുന്നതായി നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“ഇത് വെറുമൊരു ഔപചാരിക സന്ദർശനമല്ല, ചരിത്രത്തിന്റെ താളുകളിൽ പുതിയ അധ്യായം എഴുതിച്ചേർക്കുന്ന നിമിഷമാണ്,” എന്ന് രാജകീയ നിരീക്ഷകൻ ജസ്റ്റിൻ വോവ്ക് പറഞ്ഞു. രാജ്ഞി എലിസബത്ത് രണ്ടാമത് 70 വർഷത്തെ ഭരണകാലത്ത് രണ്ടു തവണ മാത്രമാണ് കാനഡയിൽ ഉത്ഘാടന പ്രസംഗം നടത്തിയത്. ഇത് ബ്രിട്ടൺ, യൂറോപ്പ്, അമേരിക്ക, കോമൺവെൽത്ത് രാജ്യങ്ങളിലെല്ലാം വലിയ ശ്രദ്ധ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സന്ദർശനം കാനഡക്ക് രാഷ്ട്രീയ തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. പാർലമെന്റിന്റെ ഉത്ഘാടന പ്രസംഗത്തിലൂടെ പ്രധാനമന്ത്രി കാർണിക്ക് കാനഡയുടെ സ്വതന്ത്ര നിലപാടും അമേരിക്കയിൽ നിന്നുള്ള വ്യത്യാസവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും, എന്ന് ഓട്ടാവ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയശാസ്ത്ര പ്രൊഫസർ ഡോ. മാർഗരറ്റ് സിമ്മൺസ് വ്യക്തമാക്കി.
കാനഡയും അമേരിക്കയും വ്യത്യസ്ത ഭരണഘടനകളുള്ള രാജ്യങ്ങളാണെന്നും, ചാൾസ് രാജാവ് ആ വ്യത്യാസത്തിന്റെ ജീവിക്കുന്ന പ്രതീകമാണെന്നും അവർ കൂട്ടിച്ചേർത്തു.
രാജകുമാരനായിരുന്നപ്പോൾ തദ്ദേശ ആദിവാസികളുടെ അവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയിരുന്ന ചാൾസ് ഇത്തരം വിഷയങ്ങൾ ഇപ്പോഴത്തെ സന്ദർശനത്തിൽ ഉന്നയിക്കുമോ എന്ന ആകാംക്ഷയുമുണ്ട്. ഉത്ഘാടന പ്രസംഗം കൂടാതെ മറ്റ് പരിപാടികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജാവിന്റെ പ്രസ്താവനകൾക്ക് ലോകശ്രദ്ധ ലഭിക്കുമെന്ന് ആണ് പ്രതീക്ഷ. സന്ദർശനത്തിന്റെ ഭാഗമായി ഓട്ടാവയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.



