ബ്രിട്ടന്റെ രാജാവ് ചാൾസ് മൂന്നാമനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഈ ആഴ്ച ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു. ട്രൂപ്പിങ് ദ കളർ എന്ന ഔപചാരിക ജന്മദിന പരേഡിനിടയിൽ രാജകുടുംബം കറുത്ത ബാന്റ് ധരിക്കുകയും, ഒരു നിമിഷ മൗനം പാലിക്കുകയും ചെയ്തു. ബക്കിംഗ്ഹാം പാലസിന്റെ പ്രസ്താവനയിൽ പറഞ്ഞത് പ്രകാരം, ഈ അനുസ്മരണങ്ങൾ “ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരവിന്റെ ചിഹ്നമായി, ദുഃഖത്തിൽ മുങ്ങിയ കുടുംബങ്ങൾക്കും ആഘാതം ഏറ്റ സമൂഹങ്ങൾക്കുമുള്ള ഐക്യദാർഢ്യമാണെന്നാണ് രാജാവ് പറഞ്ഞത്.
വിമാനം പറന്നുയർന്ന് കുറച്ചു നിമിഷങ്ങൾക്കുശേഷം തകർന്നതോടെ നഷ്ടമായത് 241 പേരുടെ ജീവനാണ്. അതിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷുകാരും, ഏഴ് പേർ പോർച്ചുഗീസുകാരും ഒരാൾ കാനഡക്കാരനുമാണ്. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 29 പേർ കൂടി കൊല്ലപ്പെട്ടു. ഒരു പുരുഷൻ മാത്രമാണ് അത്ഭുതകരമായി ജീവനോടെ രക്ഷപെട്ടത്. ഈ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരസൂചകമായാണ് രാജാവിന്റെയും രാജകുടുംബത്തിന്റെയും ഈ നടപടി.
ഇന്ത്യയും കാനഡയും ഉൾപ്പെടുന്ന കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ മേധാവിയുമാണ് കിംഗ് ചാൾസ്. ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിനു സമീപം Horse Guards Parade-ൽ നടന്ന ചടങ്ങിൽ രാജാവ് സൈനികരെ അവലോകനം ചെയ്തു. റാണി കാമിലയോടൊപ്പം തുറന്ന കുതിര വണ്ടിയിലാണ് അദ്ദേഹം എത്തിയത്. പ്രിൻസ് വില്യം കുതിരപ്പുറത്തും, വെയിൽസ് രാജകുമാരിയും അവരുടെ മൂന്ന് കുട്ടികളും മറ്റൊരു കുതിരവണ്ടിയിലുമാണ് അനുഗമിച്ചത്.
1,300-ലധികം സൈനികരും 244 സംഗീതജ്ഞരുമടങ്ങിയ പരേഡിനുശേഷം രാജകുടുംബം ബക്കിംഗ്ഹാം പാലസിലേക്ക് മടങ്ങി. അവിടെ നിന്ന് അവർ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും, സൈനിക വിമാനങ്ങളുടെ ആകാശപര്യടനം കാഴ്ചവെക്കുകയും ചെയ്തതു.



