തെഹ്റാൻ: അമേരിക്കയ്ക്ക് ശക്തമായ യുദ്ധമുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അത് കേവലം ഒരു രാജ്യവുമായുള്ള സംഘർഷത്തിൽ ഒതുങ്ങില്ലെന്നും ഭീകരമായ ഒരു പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാൻ തീരങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 1979-ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനി ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഖമനേയിയുടെ ഈ സുപ്രധാന പ്രസംഗം.
അമേരിക്ക ഒരു യുദ്ധത്തിന് തുടക്കമിട്ടാൽ അത് ഈ മേഖലയെ മുഴുവൻ വിഴുങ്ങുന്ന പോരാട്ടമായി മാറുമെന്ന് അവർ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാന്റെ വിശാലമായ എണ്ണ, പ്രകൃതി വാതക സ്രോതസ്സുകളെ കൈക്കലാക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത്. രാജ്യത്ത് അടുത്തിടെ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഒരു അട്ടിമറി ശ്രമമായിരുന്നുവെന്നും ഇതിനെ രാജ്യദ്രോഹമായാണ് ഇറാൻ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഇന്നും നാളെയും സൈനികാഭ്യാസം നടത്തുകയാണ്. ലൈവ് ഫയർ ഡ്രില്ലുകൾ നടത്തുന്നതിനാൽ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇറാന്റെ ഈ നീക്കം മേഖലയിൽ സംഘർഷസാധ്യത വർധിപ്പിക്കുമെന്നും വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു.
അതേസമയം, യുദ്ധഭീഷണി നിലനിൽക്കുമ്പോഴും ചർച്ചകൾക്കുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി സൂചിപ്പിച്ചു. അമേരിക്കയുമായുള്ള ചർച്ചകൾക്കായുള്ള പശ്ചാത്തലം ഒരുങ്ങുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ സുപ്രധാന കേന്ദ്രമായ ഹോർമൂസ് കടലിടുക്കിലെ സൈനിക നീക്കങ്ങളെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Khamenei warns US of ‘regional war’ if Iran is attacked



