കാനഡയിൽ നിന്ന് അമേരിക്കൻ ശുദ്ധീകരണശാലകളിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന പ്രധാന ഊർജം പാതയായ കീസ്റ്റോൺ ഓയിൽ പൈപ്പ്‌ലൈൻ, നോർത്ത് ഡക്കോട്ടയിലെ ഫോർട്ട് റാൻസം എന്ന സ്ഥലത്ത് എണ്ണ ചോർച്ചയെ തുടർന്ന് ചൊവ്വാഴ്ച പ്രവർത്തനം നിർത്തി. പൈപ്പ്‌ലൈൻ നടത്തുന്ന സൗത്ത് ബൗ കമ്പനി, ചോർച്ച കണ്ടെത്തൽ ഉപകരണങ്ങൾ മർദ്ദത്തിൽ കുറവ് കാണിച്ചതിനെ തുടർന്ന് പൈപ്പ്‌ലൈൻ അടച്ചതായി അറിയിച്ചു. ചോർച്ച ഉണ്ടായ ഭാഗം ഇപ്പോൾ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപെടുത്തിയിട്ടുണ്ട്. ഏകദേശം 3,500 ബാരൽ എണ്ണ ചോർന്നിട്ടുണ്ടെന്നും അത് ശേഖരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഈ പൈപ്പ്‌ലൈൻ കാനഡയിലെ അൽബർട്ടയിൽ നിന്ന് അമേരിക്കയിലെ ഇല്ലിനോയ്, ഒക്‌ലഹോമ, ഗൾഫ് കോസ്റ്റ് എന്നിവിടങ്ങളിലേക്ക് 4,300 കിലോമീറ്റർ നീളത്തിൽ എണ്ണ കൊണ്ടുപോകുന്നുന്നതാണ്.ഈ പൈപ്പ്‌ലൈൻ പ്രത്യേകിച്ച് അമേരിക്കയുടെ മധ്യഭാഗത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് വളരെ പ്രധാനമാണ്. എന്നാൽ പൈപ്പ്‌ലൈൻ എപ്പോൾ വീണ്ടും പ്രവർത്തനം തുടങ്ങുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. നോർത്ത് ഡക്കോട്ടയിലെ ഉദ്യോഗസ്ഥർ പറയുന്നത് കുറഞ്ഞത് ബുധനാഴ്ച വരെ പൈപ്പ്‌ലൈൻ പ്രവർത്തിക്കില്ല എന്നാണ്. 2010-ൽ ഈ പൈപ്പ്‌ലൈൻ പ്രവർത്തനം തുടങ്ങിയതിനുശേഷം ഇത് അഞ്ചാമത്തെ ചോർച്ചയാണ്.
ഈ വാർത്ത പുറത്തുവന്നതോടെ സൗത്ത് ബൗ കമ്പനിയുടെ ഓഹരി വില 4% ഇടിഞ്ഞ് ഒക്ടോബർ മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. വിപണി വിദഗ്ധർ പൈപ്പ്‌ലൈനിന്റെ ദീർഘകാല സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ എണ്ണ വിതരണത്തിൽ തടസ്സം ഉണ്ടാകുമെന്ന് ഭയന്ന് കനേഡിയൻ ഓയിൽ വില കുറഞ്ഞു. 2022 ഡിസംബറിൽ ഇതേ പൈപ്പ്‌ലൈനിൽ നിന്ന് കാൻസസിൽ 14,000 ബാരൽ എണ്ണ ചോർന്നിരുന്നു, അന്ന് 21 ദിവസം പൈപ്പ്‌ലൈൻ ഭാഗികമായി അടച്ചിട്ടിരുന്നു. ഈ പുതിയ ചോർച്ച കീസ്റ്റോൺ പൈപ്പ്‌ലൈനിന്റെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുന്നു.



