ഹാലിഫാക്സ്: നോവ സ്കോഷ്യയിലെ ഹാലിഫാക്സ് നഗരം നാളെ കേരളത്തിന്റെ സാംസ്കാരിക പ്രൗഢിക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ സംസ്കാരം പ്രവാസ ലോകത്ത് എത്തിച്ചുകൊണ്ട് ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ഇടവകയുടെ നേതൃത്വത്തിലുള്ള കേരള ഫെസ്റ്റ് 2025-ന് നാളെ തിരി തെളിയും. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും വൈവിധ്യമാർന്ന കലാരൂപങ്ങളും കോർത്തിണക്കി, ഹാലിഫാക്സിലെ ആഫ്രിക്കവിൽ പാർക്കിൽ 2025 ഓഗസ്റ്റ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ് ഈ സാംസ്കാരിക വിരുന്ന് നടക്കുക.
ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, നോവ സ്കോഷ്യയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും നേർചിത്രം കൂടിയാണ്. വിവിധ സാംസ്കാരിക പരിപാടികളോടെ ഫെസ്റ്റ് അവിസ്മരണീയമാക്കാൻ സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിന്റെ തനത് കലാരൂപങ്ങളായ ധ്വനി ചെണ്ടമേളം, പുലികളി, ഭരതനാട്യം, മാർഗ്ഗംകളി, തിരുവാതിര, ഒപ്പന, ദഫ് മുട്ട് എന്നിവ അരങ്ങേറും. അതോടൊപ്പം നാടൻ പാട്ടുകൾ, പിയാനോ, ഗാനങ്ങൾ തുടങ്ങിയവയും ഫെസ്റ്റിന് വർണ്ണപ്പകിട്ടേകും. ടീം നൃത്ത സാഗരയുടെ ക്ലാസിക്കൽ ഭരതനാട്യം, ടീം ദിവ്യശക്തിയുടെ കേരള നൃത്തം, അഗ്നി ഡാൻസേഴ്‌സിന്റെ സെമി-ക്ലാസിക്കൽ നൃത്തങ്ങൾ, ആരോഹയുടെ ഫാഷൻ പരേഡ് എന്നിവയും കാണികളെ ആകർഷിക്കും.
രുചിഭേദങ്ങൾ നിറഞ്ഞ കേരള വിഭവങ്ങൾ ഒരുക്കുന്ന ഫുഡ് സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഫെസ്റ്റിനെത്തുന്ന മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. ഈ ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. റിയൽറ്റർ ആൻ മാത്യു (കെഡബ്ല്യു സെലക്ട് റിയൽറ്റി) ആണ് പരിപാടിയുടെ മെഗാ സ്പോൺസർ.



