കാഞ്ഞങ്ങാട്: മൈക്ക് അനൗൺസ്മെന്റുകളും ചുവരെഴുത്തുകളും വഴിമാറുന്നു; ഇത്തവണ തിരഞ്ഞെടുപ്പ് കളത്തിൽ വിപ്ലവം സൃഷ്ടിക്കുന്നത് പ്രൊഫഷണൽ റീൽസ് സംഘങ്ങളാണ്. വെറുമൊരു മൊബൈൽ ഫോൺ ദൃശ്യമല്ല, മറിച്ച് സിനിമയെ വെല്ലുന്ന സാങ്കേതിക തികവോടെയുള്ള പ്രചാരണത്തിനാണ് സ്ഥാനാർത്ഥികൾ ലക്ഷങ്ങൾ മുടക്കുന്നത്. ഐ.പി.എൽ ആവേശം പാരമ്യത്തിലെത്തി നിൽക്കെ, വോട്ടർമാരിലേക്ക് എത്താൻ ബാറ്റ് കയ്യിലേന്തിയും പന്തെറിഞ്ഞും ‘സ്പോർട്സ്മാൻ സ്പിരിറ്റിൽ’ സ്ഥാനാർത്ഥികൾ ക്യാമറയ്ക്ക് മുന്നിൽ വേഷമിടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തും പന്ത്രണ്ടും പേരടങ്ങുന്ന പ്രൊഫഷണൽ സംഘങ്ങളെയാണ് പല സ്ഥാനാർത്ഥികളും വാടകയ്ക്കെടുത്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധ ക്യാമറമാൻമാരും എഡിറ്റർമാരും ഈ സംഘത്തിലുണ്ട്. വെറും വീഡിയോ ഷൂട്ടിംഗ് മാത്രമല്ല, തിരക്കഥ തയ്യാറാക്കൽ, സോഷ്യൽ മീഡിയ മാനേജ്മെന്റ്, ഗ്രാഫിക്സ് തുടങ്ങിയവയ്ക്കായി പ്രത്യേക വിഭാഗങ്ങൾ തന്നെയുണ്ട്. എട്ടു ലക്ഷം രൂപയിൽ തുടങ്ങുന്ന ക്വട്ടേഷൻ തുകകൾ സ്ഥാനാർത്ഥിയുടെ ആവശ്യത്തിനനുസരിച്ച് കാൽക്കോടി രൂപ വരെ ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കാൻ ഇറങ്ങുമ്പോൾ നിഴൽപോലെ ഈ വീഡിയോ സംഘവും ഒപ്പമുണ്ടാകും. ഓരോ സ്വീകരണ കേന്ദ്രത്തിലെയും ദൃശ്യങ്ങൾ വിവിധ ആംഗിളുകളിൽ പകർത്തി അപ്പപ്പോൾ തന്നെ എഡിറ്റിംഗ് ഡെസ്കിലേക്ക് അയക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ഇവ സോഷ്യൽ മീഡിയയിൽ എത്തും. വോട്ടർമാരുടെ പ്രായം തിരിച്ചുള്ള തന്ത്രങ്ങളാണ് സംഘം പയറ്റുന്നത്. ‘ജെൻ സി’ (Gen Z) വോട്ടർമാർക്കായി ട്രെൻഡിംഗ് മ്യൂസിക്കുകൾ ചേർത്ത റീൽസുകളും മുതിർന്നവർക്കായി വികാരാധീനമായ ദൃശ്യങ്ങളുമാണ് തയ്യാറാക്കുന്നത്. മണിക്കൂറിൽ രണ്ട് മുതൽ മൂന്ന് വരെ പോസ്റ്റുകളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നത്.
ഡിജിറ്റൽ യുഗത്തിലെ ഈ പ്രചാരണ തന്ത്രം വെറും വീഡിയോകളിൽ ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പണം നൽകിയുള്ള ‘പെയ്ഡ് പ്രൊമോഷൻ’ വഴി നിശ്ചിത പ്രായക്കാരിലേക്ക് കൃത്യമായി വിവരങ്ങൾ എത്തിക്കുന്നു. ഇതിനുപുറമെ, ഓരോ നിയസഭാ മണ്ഡലത്തിലെയും പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാകാൻ പ്രത്യേക പി.ആർ ഏജൻസികളുമുണ്ട്. സ്ഥാനാർത്ഥിയുടെ ഫോൺ കോളുകൾ വഴിയുള്ള വോട്ടഭ്യർത്ഥനയും ഇതിന്റെ ഭാഗമാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ സ്ഥാനാർത്ഥിക്കൊപ്പം താമസിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് ഈ സംഘങ്ങളുടെ കരാർ.
kerala-assembly-election-2026/election-campaign-social-media-reels-strategy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



