തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി നിർണയം നിർണ്ണായക ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ 52 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറി. പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഏറ്റവും വിജയസാധ്യത കൽപ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ മിക്കവാറും ഒരൊറ്റ പേര് മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഗവർണർമാരായ പി.എസ്. ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും മത്സരരംഗത്തുണ്ടാകില്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപി ഏറ്റവും വലിയ വിജയസാധ്യത പ്രതീക്ഷിക്കുന്ന നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെയാകും ജനവിധി തേടുക. നേമത്തെ സ്ഥാനാർത്ഥി ചർച്ചയിൽ അധ്യക്ഷൻ തന്നെ സ്വന്തം പേര് നിർദ്ദേശിക്കുകയായിരുന്നു എന്നാണ് വിവരം. വി. മുരളീധരൻ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ, ജി. കൃഷ്ണകുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. മുൻപ് നേരിയ വോട്ടുകൾക്ക് കൈവിട്ട മഞ്ചേശ്വരത്ത് ഇത്തവണയും കെ. സുരേന്ദ്രൻ തന്നെ മത്സരിക്കാനാണ് കേന്ദ്ര നിർദ്ദേശം.
മറ്റ് പ്രമുഖ നേതാക്കളുടെ കാര്യമെടുത്താൽ, എം.ടി. രമേശിനെ കോഴിക്കോട്ടോ തൃശൂരിലോ പരിഗണിക്കുമ്പോൾ ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാട്ടും കായംകുളത്തുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഡിജിപി ജേക്കബ് തോമസിനെ തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലൊന്നിൽ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. മലമ്പുഴയിൽ സി. കൃഷ്ണകുമാർ, കൊടുങ്ങല്ലൂരിൽ ബി. ഗോപാലകൃഷ്ണൻ, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി, ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി എന്നിവർക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.
വിവിധ ഏജൻസികൾ നടത്തിയ സർവേ റിപ്പോർട്ടുകളും ജില്ലാതലത്തിൽ ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് 52 മണ്ഡലങ്ങളിലെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും മറ്റു മുന്നണികളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം മതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അതിനാൽ ആദ്യഘട്ടത്തിൽ ഏറ്റവും വിജയസാധ്യതയുള്ള ചുരുക്കം ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാത്രമാകും പാർട്ടി പ്രഖ്യാപിക്കുക. അന്തിമ പട്ടികയുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala Assembly Election 2026: BJP’s probable candidates’ list for 52 seats in the upcoming Kerala Legislative Assembly elections has been handed over to the central leadership.



