കാനഡയിലെ സറേയിലുള്ള തൻ്റെ റെസ്റ്റോറൻ്റായ ‘കപ്സ് കഫേ’ക്ക് (Kap’s Cafe) നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് നന്ദി പറഞ്ഞ് കോമേഡിയനും നടനുമായ കപിൽ ശർമ്മ. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ച കപിൽ, പിന്തുണ നൽകിയ സറേ പോലീസിനും മേയർക്കും നന്ദി അറിയിച്ചു.
തൻ്റെ ഭാര്യ ഗിന്നിക്കൊപ്പം പോലീസുകാർ റെസ്റ്റോറന്റ് സന്ദർശിക്കുന്നതിൻ്റെ വീഡിയോ കപിൽ ശർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. “ഞങ്ങളോടുള്ള സ്നേഹവും പിന്തുണയും അറിയിക്കാൻ @thekapscafe_ സന്ദർശിച്ച മേയർ ബ്രെൻഡ ലോക്കിനും @surreypoliceservice നും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദി. അക്രമത്തിനെതിരെ ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഞങ്ങൾ നന്ദിയുള്ളവരാണ്” വീഡിയോക്ക് അടിക്കുറിപ്പായി കപിൽ ഇങ്ങനെയാണ് എഴുതിയത്. കഫേയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും സമാനമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ 10-ന് പുലർച്ചെ 1:50-ഓടെയാണ് കപ്സ് കഫേയ്ക്ക് പുറത്ത് വെടിവെപ്പ് നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റെസ്റ്റോറൻ്റിൻ്റെ ജനൽച്ചില്ലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം 10-ഓളം ബുള്ളറ്റ് ഹോളുകൾ കണ്ടെത്തി. സറേ പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തിന് ശേഷം ജൂലൈ 20-ന് കഫേ വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.
Kapil Sharma thanks Canada police after shooting incident at Kap’s cafe



