മലയാളി സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ പുതിയ പോസ്റ്റർ എത്തി. ചിലന്തിവലയുടെ ബാക്ക്ഡ്രോപ്പിൽ കസേരയിട്ട് ഇരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ പ്രതീതിയാണ് പുതിയ പോസ്റ്റർ നൽകുന്നത്. പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോഴേക്കും അതിലെ ബ്രില്ലിയൻസിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകൾക്കുളിൽ സ്ത്രീകളുടെ മുഖങ്ങൾ കാണാമെന്നും അതിൽ നിരവധി മുഖങ്ങൾ ഉണ്ടെന്നെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. പോസ്റ്ററിലെ ഈ ബ്രില്ലിയൻസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ആദ്യ കാഴ്ചയിൽ ഈ സ്ത്രീ മുഖങ്ങൾ കാണാൻ സാധിക്കില്ലെന്നും സൂക്ഷിച്ച് നോക്കിയാൽ മാത്രമേ മനസിലാകൂ എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വർധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററും പുറത്തുവരുന്നത്. വിനായകനാണ് കളങ്കാവലിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
Mammootty new movie kalamkaval poster decoding



