നടൻ നവാസ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഷൂട്ടിംഗ് സംഘം മൂന്ന് മുറികളാണ് എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളിലെ താമസക്കാർ നേരത്തെ ചെക്ക് ഔട്ട് ചെയ്തിരുന്നു. നവാസ് 209-ാം നമ്പർ മുറിയിലാണ് കഴിഞ്ഞിരുന്നത്. നവാസിനെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ് വെളിപ്പെടുത്തി. എന്നാൽ, പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ മുറിയിൽചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പ്രൊഡക്‌ഷൻ കൺട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.’’– ഹോട്ടലുടമ പറഞ്ഞു.
ഇന്നലെ രാത്രിയാണ് നടനും മിമിക്രി താരവുമായ കലാഭവൻ നവാസിനെ (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം. സിനിമ ഷൂട്ടിങ്ങിനായി 25 മുതൽ നവാസും സംഘവും ചോറ്റാനിക്കരയിലെ ലോഡ്ജിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന്, രണ്ടു ദിവസത്തെ ഇടവേളയായിരുന്നു. ഇതിനിടയിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോടു പറഞ്ഞ് ഹോട്ടൽ മുറിയിലേക്കു പോയതാണ് നവാസ്.
മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ കലാഭവൻ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണു സിനിമാ രംഗത്തേക്കു ചുവടുവയ്ക്കുന്നത്. മിമിക്സ് ആക്‌ഷൻ 500, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ‘ഡിറ്റക്ടീവ് ഉജ്വലനാണ്’ അവസാന ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ‘ഇഴ’ എന്ന ചിത്രത്തിൽ നവാസും ഭാര്യ രഹ്നയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.



