കാലിഫോർണിയ: ലോകപ്രശസ്തമായ കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ ഇത്തവണ സംഗീതത്തേക്കാൾ അധികം ചർച്ചയായത് കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറിയും ആണ്. പ്രശസ്ത ഗായകൻ ജസ്റ്റിൻ ബീബറിന്റെ പ്രകടനം ആസ്വദിക്കാനെത്തിയ ഇരുവരും വേദിയിലെ പ്രധാന ആകർഷണമായി മാറി.
കൈകോർത്ത് പിടിച്ചും ജസ്റ്റിൻ ബീബറിന്റെ പാട്ടുകൾക്ക് ഒപ്പം നൃത്തം ചെയ്തുമാണ് ഇരുവരും സംഗീത നിശ ആഘോഷമാക്കിയത്. വെള്ള ടീഷർട്ടും പുറകിലേക്ക് തിരിച്ചുവെച്ച തൊപ്പിയുമണിഞ്ഞ് തികച്ചും സാധാരണക്കാരനായാണ് 54-കാരനായ ട്രൂഡോ എത്തിയത്. കാറ്റി പെറി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ആഘോഷച്ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇവർ ഒരുമിച്ചുള്ള പൊതുപരിപാടികൾ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും, കോച്ചെല്ലയിലെ ഈ സന്ദർശനം ആ ബന്ധത്തിന് കൂടുതൽ വ്യക്തത നൽകുന്നതാണെന്നാണ് ആരാധകരുടെ പക്ഷം. ട്രൂഡോ ഇപ്പോൾ വളരെ സന്തോഷവാനാണെന്നും കാറ്റി പെറിയുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ അലക്സാണ്ടർ ട്രൂഡോ കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ജസ്റ്റിൻ ബീബറെ കൂടാതെ ‘ദി സ്ട്രോക്സ്’ (The Strokes) തുടങ്ങിയ പ്രശസ്ത ബാൻഡുകളുടെ പ്രകടനവും ഇവർ ഒരുമിച്ച് ആസ്വദിച്ചു. പദവികളിൽ നിന്നൊഴിഞ്ഞ് മ്യൂസിക് ഫെസ്റ്റിവലിൽ അടിച്ചുപൊളിക്കുന്ന ട്രൂഡോയുടെ ഈ പുതിയ ലുക്ക് കാനഡയിലും ലോകമെമ്പാടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Justin Trudeau and Katy Perry check out Bieber set at Coachella



