ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും സെൻസർ ബോർഡിന്റെ ഇടപെടലുകൾക്കും ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും ഒടുവിൽ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് അണിയറ പ്രവർത്തകർ മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡിന് സമർപ്പിച്ചു. പ്രധാനമായും കോടതി വിചാരണ നടക്കുന്ന രംഗങ്ങളിൽ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങളിൽ ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ പേരും സബ് ടൈറ്റിലുകളും മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വലിയ ചർച്ചകൾ നടന്നിരുന്നു. കേന്ദ്ര കഥാപാത്രത്തിന്റെ പേര് ‘ജാനകി’ എന്ന് ഉപയോഗിക്കുന്നതിന് പകരം ‘ജാനകി വിദ്യാധരൻ’ എന്നോ ‘ജാനകി വി’ എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് ആദ്യം നിർദ്ദേശിച്ചിരുന്നത്. കൂടാതെ, ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോൾ, ടൈറ്റിൽ മാറ്റുന്നതുകൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നിർമാതാക്കൾ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്ന തൊണ്ണൂറ്റാറോളം ഭാഗങ്ങളിൽ കട്ട് വേണ്ടിവരുമെന്നും ഇത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ടൈറ്റിലിൽ ‘വി’ എന്ന് ചേർത്താൽ മതിയെന്നും, കോടതി രംഗങ്ങളിൽ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താൽ മതിയെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയത്. ഇതോടെ ചിത്രത്തിന്റെ പേര് ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാൻ നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയും, വിചാരണ രംഗങ്ങളിൽ ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ മാറ്റങ്ങളോടെയാണ് ചിത്രം സെൻസർ ബോർഡിന് മുന്നിൽ വീണ്ടും എത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, പീഡനത്തിനിരയായി ഗർഭിണിയായ യുവതിയുടെ കഥയാണ് പറയുന്നത്. ഈ കഥാപാത്രത്തിന് ‘ജാനകി’ എന്ന പേര് നൽകിയത് ഒരു വിഭാഗം ആളുകളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന ആരോപണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ നിയമപരമായ നീക്കങ്ങളും ചിത്രത്തിന്റെ റിലീസിന് കാലതാമസം വരുത്തിയിട്ടുണ്ട്.



