ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച 2025-ലെ ഫെഡറൽ ബഡ്ജറ്റിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 28,000 പൊതുമേഖലാ ജോലികൾ കൂടി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഫെഡറൽ യൂണിയനുകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ കൂടുതൽ “ഉൽപ്പാദനക്ഷമമാക്കാൻ” ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് കാർണി പറയുന്നുണ്ടെങ്കിലും, ഈ നടപടി പൊതുസേവനങ്ങളെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.
‘കാനഡ സ്ട്രോംഗ് ബഡ്ജറ്റ് 2025’ പ്രകാരം, 2024 മാർച്ചിലെ 3,67,772 ജീവനക്കാരുടെ എണ്ണം 2028-29 ഓടെ 3,30,000 ആയി കുറയ്ക്കാൻ ലക്ഷ്യമിടുന്നു.
തൊഴിൽ വെട്ടിക്കുറയ്ക്കൽ, സ്വയം വിരമിക്കൽ (attrition), നേരത്തെയുള്ള വിരമിക്കൽ പാക്കേജുകൾ എന്നിവ വഴിയാണ് 40,000 തസ്തികകൾ കുറയ്ക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ചെലവുകളിൽ $60 ബില്യൺ ലാഭിക്കാനുള്ള സമഗ്ര പരിപാടി അവലോകനത്തിന്റെ (Comprehensive Program Review) ഭാഗമാണ് ഈ നടപടി.
കാനഡയിലെ ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ദേശീയ പ്രസിഡന്റ് ഷാരോൺ ഡിസൂസ സർക്കാരിന്റെ നീക്കത്തിൽ രോഷം പ്രകടിപ്പിച്ചു. “ഈ ഓരോ ജോലിയും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 10,000 ജോലികൾ വെട്ടിക്കുറച്ചതിന് ശേഷം ചില വകുപ്പുകൾക്ക് വീണ്ടും ആളുകളെ നിയമിക്കേണ്ടി വന്നു. ഈ വെട്ടിക്കുറവ് സേവനങ്ങളെ ആശ്രയിക്കുന്ന ജനങ്ങളെയാണ് കൂടുതൽ ബാധിക്കാൻ പോകുന്നത്,” ഡിസൂസ പറഞ്ഞു. ഇത്രയധികം ജോലികൾ വെട്ടിക്കുറയ്ക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കനേഡിയൻ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ എംപ്ലോയീസ് (CAPE) പ്രസിഡന്റ് നഥാൻ പ്രയർ ബഡ്ജറ്റിനെ വിമർശിച്ചു. ബഡ്ജറ്റിൽ വാക്കുകൾ ഏറെയുണ്ടെങ്കിലും വിശദാംശങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. എവിടെയാണ് വെട്ടിക്കുറവ് നടക്കുക എന്നതിനെക്കുറിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങൾ നൽകാൻ ഭയമാണെന്നും, പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഈ ജോലി ഒടുവിൽ കൂടിയ വിലയ്ക്ക് സ്വകാര്യമേഖലയെ ഏൽപ്പിക്കേണ്ടി വരുമെന്നും പ്രയർ ആരോപിച്ചു.
ഡെഫിസിറ്റിന് പൊതുസേവകരെ ബലിയാടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒട്ടാവ മേയർ മാർക്ക് സട്ട്ക്ലിഫും ജോലി വെട്ടിക്കുറയ്ക്കുന്നതിലെ വിശദാംശങ്ങളുടെ അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വെട്ടിക്കുറയ്ക്കൽ എങ്ങനെ നടക്കും, ഏതൊക്കെ വകുപ്പുകളെ ബാധിക്കും, ജീവനക്കാരെ പിന്തുണയ്ക്കാൻ എന്ത് പദ്ധതികളാണ് ഉള്ളത് തുടങ്ങിയ വിശദാംശങ്ങൾ സർക്കാർ എത്രയും വേഗം പുറത്തുവിടണം, അല്ലാത്തപക്ഷം ഈ നടപടി അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും മേയർ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Job cuts in the budget: Unions protest against the abolition of 28,000 posts



