കാനഡയിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലിവ്രെയുടെ ദേശീയ പ്രചാരണ മാനേജർ ജെന്നി ബൈറിനെ പിരിച്ചുവിടാൻ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന ഉത്തരവാദിയായതായി പലർ ജെന്നി ബൈറനെ കാണുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെയുള്ളിൽ നിന്ന് തന്നെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്. 12 കൺസർവേറ്റീവ് സ്രോതസ്സുകൾ ജെന്നി ബൈറന്റെ പ്രവർത്തനശൈലിയും, നേതൃത്വത്തിലെ പ്രശ്നങ്ങളും തുറന്നുപറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. പരാജയത്തിന് തുടക്കം കുറിച്ചത് ബൈറന്റെ തീരുമാനങ്ങളും പരിമിതികളുമാണ് എന്ന അവകാശവാദം ശക്തമായിരിക്കുകയാണ്.
പാർട്ടിയിലെ പല അംഗങ്ങളും ബൈറിന്റെ ക്രൂരവും ദേഷ്യം നിറഞ്ഞതുമായ പെരുമാറ്റത്തെ കുറിച്ചും, പ്രചാരണ ആസ്ഥാനത്തെ മണ്ഡലങ്ങളിലെ ടീമുകളുമായുള്ള ആശയവിനിമയ അഭാവത്തെ കുറിച്ചും പരാതികൾ ഉയർത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തിൽ പൊയിലിവ്രെയുടെ പ്രചാരണ സന്ദേശം മതിയായ രീതിയിൽ പരിഷ്കരിക്കാതിരുന്നതും അവരുടെ തെറ്റാണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. “ജെന്നി ബൈറിൻ തുടർന്നാൽ, ഞങ്ങൾക്ക് പിയറിനെ പിന്തുണയ്ക്കാൻ കഴിയില്ല.”എന്ന് പാർട്ടിയിലെ പ്രധാന വ്യക്തികൾ സ്പഷ്ടമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2015ലെ സ്റ്റീഫൻ ഹാർപ്പറുടെ പരാജയത്തിനും ബൈറിനെ ഉത്തരവാദിയാക്കുന്ന വിമർശകർ, അവർ അതേ പാറ്റേൺ ആവർത്തിച്ചെന്ന് ആരോപിക്കുന്നു. എന്നാൽ പാർട്ടിയിലെ ചില അംഗങ്ങൾ ബൈറിനെ പ്രതിരോധിച്ചുകൊണ്ട് സൂചിപ്പിക്കുന്നത്, കൺസർവേറ്റീവ് പാർട്ടി 143 സീറ്റുകൾ നേടിയതും 41 ശതമാനത്തിലധികം ജനകീയ വോട്ട് നേടിയതും അവരുടെ തന്ത്രത്തിന്റെ വിജയമായിട്ടാണ്.
പൊയിലിവ്രെ സ്വന്തം മണ്ഡലത്തിൽ പോലും പരാജയപ്പെട്ടുവെന്ന വസ്തുത പാർട്ടിയിലെ അസ്വസ്ഥത വർദ്ധിപ്പിച്ചിട്ടുണ്ട്. ആൽബർട്ടയിൽ നിന്നുള്ള ഒരു ഉപതിരഞ്ഞെടുപ്പിലൂടെ അദ്ദേഹം പാർലമെന്റിൽ തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട്. ജൂൺ 14ന് കൺസർവേറ്റീവ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് പാർട്ടിയുടെ അടുത്ത കൺവെൻഷൻ സമയം തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


