കൊച്ചി: ദൃശ്യം, കൂമൻ, നേര് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ ടീസർ ജനുവരി 5-ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കുന്ന പ്രത്യേക അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനോടെയാണ് ടീസർ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രമെന്ന് സൂചന നൽകുന്ന സിനിമയ്ക്ക് ഡിനു തോമസ് ഈലനാണ് തിരക്കഥയൊരുക്കുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായി അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയായത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളായ മെമ്മറീസ്, കൂമൻ എന്നിവയുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഇതെന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനായക് ആണ്. വിഷ്ണു ശ്യാമിന്റേതാണ് സംഗീതം. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്നു. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനും അർഫാസ് അയൂബ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ലിൻഡ ജീത്തു ആണ് വസ്ത്രാലങ്കാരം. ഷബീർ മലവെട്ടത്ത് പ്രൊഡക്ഷൻ കൺട്രോളറായും ജയൻ പൂങ്കുളം മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നു.
ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. കത്തീന ജീത്തു, മിഥുൻ എബ്രഹാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. വിഎഫ്എക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് ടോണി മാഗ് മിത്ത് ആണ്. ആതിര ദിൽജിത്താണ് പിആർഒ. ജീത്തു ജോസഫ് ചിത്രങ്ങളിലെ പതിവ് സസ്പെൻസും ത്രില്ലും ഈ സിനിമയിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Watch without blinking: Jeethu Joseph’s film ‘Valathuvashathe Kallan’ in theaters on January 30


