കഴിഞ്ഞ വർഷം ജൂലൈ 24-നുണ്ടായ കാട്ടുതീയിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ച കനേഡിയൻ നഗരമായ ജാസ്പർ, ഇപ്പോൾ പൂർണമായും വിനോദസഞ്ചാരത്തെ ആശ്രയിച്ച് തിരിച്ചുവരവിനൊരുങ്ങുന്നു. ജാസ്പറിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ടൂറിസമാണ്. ഏകദേശം 330 ചതുരശ്ര കിലോമീറ്റർ വനഭൂമിയും മുന്നൂറ്റമ്പതോളം കെട്ടിടങ്ങളും കത്തിനശിച്ച ഈ പ്രദേശം, ഈ വേനൽക്കാലത്ത് പരമാവധി സന്ദർശകരെ ആകർഷിച്ച് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിലെ 20 ശതമാനം താമസ സൗകര്യങ്ങളും കാട്ടുതീയിൽ നശിച്ചു. കൂടാതെ ദേശീയ ഉദ്യാനത്തിലെ ക്യാമ്പിംഗ് സൗകര്യങ്ങളിൽ 70 ശതമാനം മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇത് തൊഴിലാളികളെ കണ്ടെത്താനും താത്കാലിക ജീവനക്കാരെ നിയമിക്കാനും നഗരത്തിന് വെല്ലുവിളിയാകുന്നുണ്ട്. എന്നിരുന്നാലും, നഗരത്തിൻ്റെയും പാർക്കിന്റെയും ഭൂരിഭാഗം സേവനങ്ങളും നിലവിൽ ലഭ്യമാണ്. ജാസ്പർ ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്കനുസരിച്ച്, നഗരത്തിലെ ബിസിനസ്സുകളിൽ ഏകദേശം 20 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
“തീപിടിത്ത സമയത്തും അതിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും വലിയ പിന്തുണ ലഭിച്ചു, ആ പിന്തുണ ഇപ്പോൾ നമുക്ക് ആവശ്യമാണ്.”എന്ന് മുനിസിപ്പൽ മേയർ റിച്ചാർഡ് അയർലൻഡ് പറഞ്ഞു. 54ട്രങ് `
മലിഗ്നെ ലേക്ക്, നഗരത്തിന് പിന്നിലുള്ള പല ട്രെയിലുകൾ, പിരമിഡ് ഐലൻഡ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടല്ല. ജാസ്പർ സന്ദർശകരെ സ്വീകരിക്കാൻ പൂർണ്ണമായും തയ്യാറാണെന്നും നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാൻ സന്ദർശകർ എത്തേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ഏകകണ്ഠമായി പറയുന്നു.
ഓഗസ്റ്റ് 2024-ലെ കണക്കനുസരിച്ച്, ജാസ്പർ ദേശീയോദ്യാനത്തിൽ ദിവസേന 4.5 ദശലക്ഷം ഡോളറിന്റെ വരുമാന നഷ്ടം സംഭവിച്ചതായി ടൂറിസം ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ആൽബെർട്ട കണക്കാക്കുന്നു. വേനൽക്കാലത്താണ് ജാസ്പറിലെ മിക്ക ബിസിനസ്സുകൾക്കും അവരുടെ വാർഷിക വരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത്. അതിനാൽ, വേനൽക്കാല ടൂറിസം നഗരത്തിന് ഏറെ നിർണായകമാണ്.
അന്താരാഷ്ട്ര സന്ദർശകർക്ക് തീപിടിത്തത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്നതിനായി ടൂറിസം ജാസ്പർ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തം ജാസ്പറിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കിയിട്ടില്ലെന്നും, ഇത് പ്രകൃതിയുടെ ഒരു ഭാഗമാണെന്നും അവർ പറയുന്നു. തീപിടിത്തത്തിന് ശേഷം പ്രകൃതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കുന്നതിനുള്ള പരിപാടികളും പാർക്ക് കാനഡ സംഘടിപ്പിക്കുന്നുണ്ട്.
ജനങ്ങൾ ജാസ്പറിലെത്തുന്നത് നഗരത്തിന്റെ വീണ്ടെടുക്കലിന് നേരിട്ടുള്ള സഹായം നൽകുമെന്ന് മേയർ അയർലൻഡ് ഊന്നിപ്പറഞ്ഞു. നഗരം നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, ബഹുമാനത്തോടെ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



