ഒട്ടാവ : കാനഡയിലെ വാഹനനിർമ്മാണ മേഖലയിൽ അമേരിക്കൻ കമ്പനികളെ മറികടന്ന് ജാപ്പനീസ് കമ്പനികൾ വൻ മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ട്. വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ തിങ്ക്-ടാങ്കായ ട്രില്ലിയം നെറ്റ്‌വർക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ജനറൽ മോട്ടോഴ്‌സ് എന്നീ ‘ഡെട്രോയിറ്റ് ത്രീ’ കമ്പനികളുടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായതായി വ്യക്തമാക്കുന്നു.
രാജ്യത്തെ വാഹന ഉത്പാദനത്തിൽ ഉണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2016-ൽ കാനഡയിൽ ആകെ 23 ലക്ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്ന സ്ഥാനത്ത് 2025-ഓടെ അത് 12 ലക്ഷമായി കുറഞ്ഞു. ഇതിൽ 77 ശതമാനം പങ്കും ഹോണ്ട, ടൊയോട്ട എന്നീ ജാപ്പനീസ് കമ്പനികളുടേതാണ്. പത്ത് വർഷം മുൻപ് 56 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന അമേരിക്കൻ കമ്പനികൾ ഇപ്പോൾ 23 ശതമാനത്തിലേക്ക് ചുരുങ്ങി.
വാഹനനിർമ്മാണ മേഖലയിലെ തൊഴിൽ അവസരങ്ങളിലും സമാനമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. നിലവിൽ ഓട്ടോ അസംബ്ലി മേഖലയിലെ ജോലികളിൽ 60 ശതമാനവും ജാപ്പനീസ് കമ്പനികളിലാണ്. ഹോണ്ട സിവിക്, ടൊയോട്ട RAV4 തുടങ്ങിയ മോഡലുകൾക്ക് വടക്കേ അമേരിക്കയിലുള്ള വലിയ സ്വീകാര്യതയാണ് ഉത്പാദനം നിലനിർത്താൻ ഇവരെ സഹായിക്കുന്നത്. അതേസമയം, ജനറൽ മോട്ടോഴ്‌സ് (GM) ഉൾപ്പെടെയുള്ള കമ്പനികൾ പ്ലാന്റുകൾ അടച്ചുപൂട്ടുന്നതും ഷിഫ്റ്റുകൾ കുറയ്ക്കുന്നതും വലിയ തൊഴിൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ ഈ മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും, ഉത്പാദനത്തിലെ കുറവ് കഴിഞ്ഞ 25 വർഷമായി തുടരുന്ന പ്രതിഭാസമാണെന്ന് ട്രില്ലിയം നെറ്റ്‌വർക്ക് മാനേജിംഗ് ഡയറക്ടർ ബ്രെൻഡൻ സ്വീനീ പറഞ്ഞു. ഫെഡറൽ സർക്കാർ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഓട്ടോമോട്ടീവ് തന്ത്രത്തിൽ, കാനഡയിൽ സ്ഥിരമായി നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Setback for American companies; Japanese power captures Canada's auto market



