2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂർ” എന്ന പേരിൽ പാകിസ്ഥാൻ നിയന്ത്രിത കശ്മീരിലും പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലും വ്യോമാക്രമണങ്ങൾ നടത്തി. ജൈഷ്-എ-മുഹമ്മദ്, ലഷ്കർ-ഇ-തോയ്ബ എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്ന് അധികൃതർ അറിയിച്ചു.
“ഇന്ത്യയുടെ ഈ ആക്രമണം യുദ്ധപ്രഖ്യാപനത്തിന് തുല്യമാണ്, ശക്തമായ പ്രതികരണം ഉണ്ടാകും” എന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യയുടെ ആക്രമണങ്ങളിൽ മുസാഫറാബാദ്, ബഹാവൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ 26 പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കശ്മീരിലെ പൂഞ്ച്, രാജൗരി, കുപ്‌വാര, ചൗകിബാൽ എന്നിവിടങ്ങളിൽ ശക്തമായ ഷെല്ലിംഗ് ഉണ്ടായി, നിരവധി വീടുകൾ നശിച്ചു, പലർക്കും പരിക്കേറ്റു.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുമായി അടിയന്തരമായി വിഡിയോ കോൺഫറൻസിംഗ് യോഗം വിളിച്ചു. അതിൽ അതിർത്തി ജില്ലകൾക്ക് ₹5 കോടി വീതവും മറ്റ് ജില്ലകൾക്ക് ₹2 കോടി വീതവും അനുവദിക്കാൻ നിർദ്ദേശം നൽകി.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ അഭയം കേന്ദ്രങ്ങളും സംരക്ഷിത ബങ്കറുകളും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം ആവശ്യമായ ഭക്ഷ്യസംഭാരവും സൂക്ഷിക്കണമെന്ന നിർദേശം നൽകി.
സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ, ചൈന, റഷ്യ, യു.എസ്. എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. 1999-ലെ കാർഗിൽ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.






