ധാക്ക: ജോലി ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് ഷാഫിഖൂർ റഹ്മാനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ വേശ്യാവൃത്തിയോട് ഉപമിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൻ ജനവികാരത്തിന് കാരണമായത്. അധ്യാപകർ, ഡോക്ടർമാർ, ഗാർമെന്റ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെയാകെ അപമാനിക്കുകയായിരുന്നു ഷാഫിഖൂർ.
സ്ത്രീകൾ ഒരിക്കലും നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കരുതെന്നും പൊതുരംഗത്തെ അവരുടെ സാന്നിധ്യം സാമൂഹിക തകർച്ചയ്ക്ക് കാരണമാകുമെന്നുമാണ് ജമാഅത്തിന്റെ ഔദ്യോഗിക നിലപാട്. ഈ പോസ്റ്റ് ഹാക്കിംഗിലൂടെ സംഭവിച്ചതാണെന്ന് പാർട്ടി വിശദീകരണം നൽകുന്നുണ്ടെങ്കിലും, മുൻപും പല വേദികളിലും ഷാഫിഖൂർ റഹ്മാൻ സമാനമായ ആശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലും സ്ത്രീകൾ പാർട്ടിയെയോ രാജ്യത്തെയോ നയിക്കില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഈ നിലപാടുകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പരാമർശങ്ങളെയും സമരസമിതികൾ കാണുന്നത്.
ലക്ഷക്കണക്കിന് കുടുംബങ്ങൾ സ്ത്രീകളുടെ വരുമാനത്തിൽ ജീവിക്കുന്ന ബംഗ്ലാദേശിൽ, ഇത്തരം നിലപാടുകൾ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗാർമെന്റ് ഫാക്ടറികളിലും ഗ്രാമീണ ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന സ്ത്രീകളാണ് പല കുടുംബങ്ങളുടെയും ഏക ഉപജീവനമാർഗം. സ്ത്രീകളുടെ സുരക്ഷയെയും മൗലികാവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ജമാഅത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Jamaat-e-Islami leader likens working women to prostitution; protests strong in Bangladesh



