ഗാസ സിറ്റി: ഹമാസുമായി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഗാസ സിറ്റിയിലെ ഹമാസ് ആസ്ഥാനത്ത് വൻ സൈനികാക്രമണത്തിന് തയ്യാറെടുക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഹമാസ് കീഴടങ്ങി ഇസ്രായേലിന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഗാസ സിറ്റി റഫാഹ്, ബെയ്ത് ഹനൂൻ എന്നീ പ്രദേശങ്ങളെപ്പോലെ പൂർണ്ണമായും തകർക്കപ്പെടുമെന്ന് ഇസ്രായേൽ കാറ്റ്സ് എക്സിൽ കുറിച്ചു. ഇസ്രായേലിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹമാസ് തങ്ങളുടെ ഭീകര പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും, തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗാസയിലെ ഏറ്റവും വലിയ നഗരവും ഹമാസിന്റെ സൈനിക-ഭരണ കേന്ദ്രവുമാണ് ഗാസ സിറ്റി. ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖല ഈ നഗരത്തിലാണെന്നാണ് ഇസ്രായേൽ പറയുന്നത്. ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്ന്, ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണോ എന്ന് പല ലോകരാജ്യങ്ങളും ചോദിച്ചിരുന്നു. എന്നാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാതെയും ഹമാസിന്റെ ആയുധങ്ങൾ പൂർണ്ണമായും നശിപ്പിക്കാതെയും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ ഇസ്രായേൽ അംഗീകരിക്കാതെ ഹമാസ് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചു. അതിനാൽ ഇരു വിഭാഗവും സമാധാന ചർച്ചകൾക്ക് തയ്യാറാകുമോ എന്നത് സംശയമാണ്.
ഗാസയിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നത് ദുഷ്കരമാണെന്ന് പല മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നു. ഗാസയിലെ ഒരു പ്രദേശവും സുരക്ഷിതമല്ലെന്നാണ് പലരും പറയുന്നത്. ഇസ്രായേലിന്റെ അധിനിവേശം ഭയന്ന് നാല് തവണ സ്വന്തം വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന അമാൽ അബൂൽ ആസ് എന്ന പാലസ്തീൻ പൗരൻ, ഒരു മിസൈൽ പതിച്ച് മരിക്കുന്നതാണ് വീണ്ടും പലായനം ചെയ്യുന്നതിനേക്കാൾ എളുപ്പമെന്ന് വികാരപരമായി പ്രതികരിച്ചു. ഹമാസ്-ഇസ്രായേൽ യുദ്ധം കാരണം ഇതുവരെ 62,192 പാലസ്തീൻ പൗരന്മാർ മരിച്ചുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. അതേ സമയം 112 കുട്ടികളടക്കം 271 പേർ പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്നും മന്ത്രാലയം പറയുന്നു.
ഇസ്രായേൽ സൈനികാക്രമണത്തിന് അനുമതി നൽകിയതിന് പിന്നാലെ ഗാസയിലെ ഷെയ്ഖ് റദ്വാൻ മേഖലയിലെ ഒരു സ്കൂളിന് നേരെ വ്യോമാക്രമണമുണ്ടായി. സാധാരണക്കാർ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 17 പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 7 പേർ സ്കൂളിൽ അഭയം തേടിയവരാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തെപ്പറ്റി അറിയില്ലെന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്.



