ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ഇറാന്റെ പ്രതിരോധ നിരയെ തകർത്ത് ഇസ്രയേലിന്റെ നിർണായക നീക്കം. ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇദ്ദേഹത്തിന് പുറമെ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) വധിച്ചതായി ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ടെഹ്റാനിൽ നടത്തിയ മിസൈലാക്രമണത്തിലാണ് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി.
ഗുലാം റിസ സുലൈമാനിയുടെ മരണം ഇറാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അലി ലാരീജാനിയുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ തിരിച്ചടി ശക്തമാക്കുമെന്ന സൂചനയാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സുലൈമാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്നും രക്തസാക്ഷികളുടെ മരണം ഇറാന്റെ പോരാട്ടവീര്യം വർധിപ്പിക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എക്സിലൂടെ അറിയിച്ചു.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ മുന്നോട്ടുവെച്ച വെടിനിർത്തൽ ശുപാർശകൾ ഇറാൻ പൂർണ്ണമായും തള്ളി. യുഎസിനെയും ഇസ്രയേലിനെയും മുട്ടുകുത്തിക്കാതെ സമാധാന ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രയേൽ ബോംബിങ് തുടരുന്നതിനിടെയാണ് ഇറാന്റെ ഈ കർശന നിലപാട്. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുന്നത് മേഖലയെ കൂടുതൽ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക വർധിപ്പിക്കുന്നുണ്ട്.
മൂന്നാഴ്ചയായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിൽ ഇതുവരെ ഇറാനിൽ 1444 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ 15 യുഎസ് സൈനികരും ഉൾപ്പെടുന്നു. യുദ്ധം വ്യാപിക്കുമ്പോഴും ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ യുഎസ്-ഇസ്രയേൽ സഖ്യത്തിനൊപ്പം ചേരാനില്ലെന്ന് ജർമനി വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാൻ താൽപ്പര്യമില്ലെന്നും നയതന്ത്രപരമായ പരിഹാരത്തിനാണ് മുൻഗണനയെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കാളസും പ്രതികരിച്ചു.
Israel says it killed Iranian security chief Ali Larijani in air strike
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



