ഇറാനും ഇസ്രായേലും തമ്മിലുള്ള വ്യോമാക്രമണങ്ങളും മിസൈൽ പ്രത്യാക്രമണങ്ങളും മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ കനേഡിയൻ ഫെഡറൽ സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇസ്രായേലിലെ നിലവിലെ ശത്രുതാപരമായ സാഹചര്യങ്ങൾ പരിഗണിച്ച്, അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ള കനേഡിയൻ പൗരന്മാർ ഉടൻതന്നെ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണച്ചെങ്കിലും, ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് വ്യകത്മാക്കി. “ഇറാന്റെ ആണവ പരിപാടികൾ വർഷങ്ങളായി ഭയവും ആശങ്കയും ഉയർത്തുന്നുണ്ട്.
എന്നാൽ നിലവിലെ മിസൈൽ ആക്രമണങ്ങൾ മേഖലയുടെ സ്ഥിരതയെ ഒന്നാകെ തകർക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കാർനി വിളിച്ചുചേർത്ത ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ, കാനഡൻ പൗരന്മാരുടെയും വിദേശത്തുള്ള കനേഡിയൻ ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്തു.
വിദേശകാര്യ മന്ത്രി അനിത ആനന്ദ് സമൂഹമാധ്യമങ്ങളിലൂടെ ഇറാന്റെ ആക്രമണത്തെ ശക്തമായി വിമർശിച്ചു. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ അഭ്യർത്ഥിച്ച അവർ, “സംഭാഷണങ്ങളിലൂടെയുള്ള ഒത്തുതീർപ്പുകൾക്കാണ് കാനഡ എപ്പോഴും മുൻഗണന നൽകുന്നത്” എന്ന് വ്യക്തമാക്കി.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ തകരുകയും നിരവധി ഉന്നത സൈനിക ജനറൽമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. “ഇറാൻ തുടരുകയാണെങ്കിൽ ടെഹ്റാൻ കത്തും” എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഘർഷം കൂടുതൽ വ്യാപിക്കുന്നതിന് മുമ്പ്, സംഭാഷണത്തിന് ഇടം നൽകണമെന്ന് കാനഡ ആവർത്തിച്ച് ആവശ്യപ്പെട്ടു. പരമാവധി സംയമനവും നയതന്ത്രപരമായ പരിഹാരങ്ങളിലേക്കുള്ള മടങ്ങിപ്പോക്കുമാണ് നിലവിലെ സാഹചര്യത്തിൽ ഉത്തമമെന്നും കനേഡിയൻ സർക്കാർ നിലപാട് വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതിന്റെ ആവശ്യകതയും കാനഡ അടിവരയിടുന്നു.



