പന്ത്രണ്ട് ദിവസത്തെ സംഘർഷഭരിതമായ യുദ്ധത്തിന് ശേഷം ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധവിരാമം അനിശ്ചിതത്വത്തിൽ തുടരുകയാണ്. .പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ ഇരുവശത്തും ലംഘിക്കപ്പെട്ടിട്ടും, സംഘർഷത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞിരിക്കുന്നു. നൂറുകണക്കിന് ആളുകളുടെ ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടാക്കിയ ഈ സംഘർഷം മിഡിൽ ഈസ്റ്റിനെ മുഴുവൻ പിടിച്ചുകുലുക്കിയിരുന്നു. ഇപ്പോൾ രണ്ട് കൂട്ടരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും സമാധാനം ഇനിയും അനിശ്ചിതത്വത്തിലാണ്.
യുദ്ധവിരാമം ആദ്യം പ്രാബല്യത്തിൽ വന്നതിന് ശേഷവും ഇറാൻ മിസൈൽ ആക്രമണം നടത്തുകയും ഇസ്രായേൽ തെഹ്‌റാനിൽ ആക്രമണം നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ബീർ ഷേവയിലെ ഒരു റെസിഡൻഷ്യൽ കമ്പ്ലക്സിൽ ഇറാൻ മിസൈൽ പതിച്ചതിൽ കുറഞ്ഞത് ഏഴ് പേരും കൊല്ലപ്പെട്ടു.
ജൂൺ 13 മുതൽ ഇറാനിൽ 13 കുട്ടികൾ ഉൾപ്പെടെ 610 പേർ കൊല്ലപ്പെടുകയും 3000- ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന് നഷ്ടപെട്ടത് 28 ജീവനും. ഇറാനിയൻ ന്യൂക്ലിയർ സൈറ്റുകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങക്ക് സൗകര്യങ്ങൾ പൂർണമായി നശിപ്പിക്കാൻ കഴിഞ്ഞില്ലെന്ന രഹസ്യാന്വേഷണ വിലയിരുത്തലുകൾക്കെതിരെ വൈറ്റ് ഹൗസ് ശക്തമായി പ്രതികരിച്ചു. ബോംബിംഗുകൾ ഇറാന്റെ ന്യൂക്ലിയർ അഭിലാഷങ്ങൾ വർഷങ്ങളല്ല, ഏതാനും മാസങ്ങൾ മാത്രമേ കാലതാമസപ്പെടുത്തിയുള്ളൂവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വാദിക്കുന്നു.
ടെലിവിഷൻ പ്രസംഗത്തിൽ പ്രസിഡന്റ് ട്രംപ് യുദ്ധവിരാമത്തിനു ശേഷമുള്ള ആക്രമണങ്ങൾക്ക് രണ്ട് രാഷ്ട്രങ്ങളെയും കുറ്റപ്പെടുത്തി.ഇറാനും ഇസ്രായേലും വിജയം പ്രഖ്യാപിച്ചു. തെഹ്‌റാനിൽ ആഘോഷങ്ങൾ തുടങ്ങുകയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചരിത്രപരമായ വിജയമെന്ന് വിശേഷിപ്പിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
യുദ്ധവിരാമത്തെക്കുറിച്ച് ഔദ്യോഗിക കരാറൊന്നുമില്ലെങ്കിലും ഇസ്രായേൽ നിർദിഷ്ട സമയപരിധിയിൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ തെഹ്‌റാൻ പ്രതികാര നടപടികൾ നിർത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.



